Kerala News

കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്ത നടന്‍ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.

മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്ത നടന്‍ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കര്‍ശനമായ ഉപാധികളോടെയുള്ള ജാമ്യമാണ് അനുവദിച്ചത്.

മുന്‍ ഭാര്യ നല്‍കിയ പരാതിയിലായിരുന്നു നടന്‍ ബാലയെ ഇന്ന് പുലര്‍ച്ച അഞ്ചുമണിക്ക് കടവന്ത്ര പോലീസ് ഫ്‌ലാറ്റില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നും, പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നുമടക്കമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. ജുവൈനല്‍ ജസ്റ്റിസ് നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പോലീസ് ബാലയ്‌ക്കെതിരെ ചുമത്തിയിരുന്നു. ഈ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.

ബാലയുടെ മാനേജരും സഹായികളും കേസില്‍ രണ്ടും മൂന്നും പ്രതികളാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബാലയെ സ്റ്റേഷനില്‍ നിന്നും വൈദ്യ പരിശോധനയ്ക്കായി പുറത്തേക്ക് കൊണ്ടുപോയത് തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. വിവാഹമോചിതരായ ശേഷവും തന്റെ കക്ഷിയും മുന്‍ ഭാര്യയും തമ്മില്‍ തുടര്‍ന്ന സോഷ്യല്‍ മീഡിയ തര്‍ക്കങ്ങളാണ് കേസിന് ആസ്പദം എന്നും പരാതിക്കാരിക്ക് പോലീസിനു മുന്നില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആയിട്ടില്ല എന്നും ബാലയുടെ അഭിഭാഷകന്‍ വാദിച്ചു. പോലീസ് ചുമത്തിയ ജുവൈനല്‍ ജസ്റ്റിസ് നിയമത്തിലെ 75 വകുപ്പ് നിലനില്‍ക്കില്ല എന്നും പ്രതിഭാഗം വാദിച്ചു. ബാലയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി ഏര്‍പ്പെടുത്തുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്ന് ആയിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

പ്രോസിക്യൂഷനും ജാമ്യഹര്‍ജിയെ എതിര്‍ത്തില്ല. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട ഒന്നും സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കരുത് എന്നും പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നും ജാമ്യവസ്ഥയായി കോടതി പറഞ്ഞു.കേസില്‍ ഉള്‍പ്പെട്ടതില്‍ അല്ല മകള്‍ തള്ളിപ്പറഞ്ഞതില്‍ ആണ് തനിക്ക് സങ്കടം എന്ന് ബാല പ്രതികരിച്ചു.

Related Posts

Leave a Reply