കൊച്ചി: കടയ്ക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. കൊച്ചി കോർപ്പറേഷനിലെ 16-ാം സർക്കിൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ ജിഷ്ണു ആണ് വിജിലൻസിന്റെ പിടിയിലായത്. പാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിനായാണ് അഖിൽ 10,000 രൂപ കൈക്കൂലി വാങ്ങിയത്.
വിജിലൻസ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ട് എസ്. ശശിധരൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി ജി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 10,000 രൂപ വിജിലൻസ് കണ്ടെടുത്തു. ഇൻസ്പെക്ടർമാരായ ബിജോയ്, ജിജിൻ ജോസഫ് സബ് ഇൻസ്പെക്ടർമാരായ ജോഷി ജേക്കബ്, സുകുമാരൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒ മാരായ സുനിൽകുമാർ, ജിജിമോൻ, പ്രമോദ്കുമാർ, ധനേഷ്, മനു, എന്നിവർ സംഘത്തിലുണ്ടായിരുന്നു.