ഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചു. വിഷയത്തിൽ കേന്ദ്രവും കേരളവും ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീം കോടതി ചോദിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവും കേരളവും അറിയിച്ചു.
രണ്ട് മണിക്ക് നിലപാട് അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കേരള ധനമന്ത്രിയും ധനസെക്രട്ടറിയും ചര്‍ച്ച നടത്തട്ടെ എന്നാണ് കോടതി നിർദ്ദേശിച്ചത്. കേരളത്തിന്റെ ധനമാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി കേന്ദ്രം നൽകിയ കുറിപ്പിന് സംസ്ഥാന സർക്കാർ അക്കമിട്ട് മറുപടി നൽകിയിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേരളത്തിന്റെ ധനമാനേജ്‌മെന്റ് മോശമാണെന്നും കിഫ്ബി അടക്കമുള്ള സംവിധാനങ്ങൾ വഴി ബജറ്റിനുപുറത്തുള്ള കടമെടുപ്പ് നടത്തുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുമൊക്കെയാണ് കേന്ദ്രം ആരോപിക്കുന്നത്. സംസ്ഥാനങ്ങളുടെ കടക്കെണി രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ പറയുന്നു. അതേസമയം, കേന്ദ്രസർക്കാരാണ് കൂടുതൽ കടമെടുക്കുന്നതെന്നും കേന്ദ്രത്തിന്റെ മോശം റേറ്റിങ് സംസ്ഥാനങ്ങളെ ബാധിക്കുന്നെന്നും കേരളം വാദിക്കുന്നു.