Kerala News

കക്കയത്ത് ഇന്ന് ഹർത്താൽ, കാട്ടുപോത്തിനെ വെടിവെക്കും; മുന്നറിയിപ്പുമായി വനംവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങളിൽ ഇന്നലെ മാത്രം രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കാട്ടുപോത്തിന്റെ ആക്രമത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ കക്കയത്ത് ഇന്ന് ഹർത്താൽ. അബ്രഹാമിന്റെ പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ നടക്കും. വൈകുന്നേരം നാലു മണിയോടെയാണ് സംസ്കാരം നടക്കുക. അതേസമയം അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടു. വന്യജീവികൾ ജനവാസ മേഖലയിലെത്തി അക്രമം നടത്തുന്നതിൽ വനംവകുപ്പിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇന്നലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കക്കയം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. എൽഡിഎഫും യുഡിഎഫും കക്കയത്ത് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലണം എന്ന് അബ്രഹാമിന്റെ മകൻ പറഞ്ഞു. വേനൽ കടുക്കുന്നതിനാലാണ് വന്യജീവികൾ ജനവാസ മേഘലയിലേക്ക് ഇറങ്ങുന്നതെന്നും കരുതൽ വേണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകി. അബ്രഹാമിൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്ക്കാര് പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഇന്ന് കൈമാറുമെന്ന് മന്ത്രി എ കെ ശശിധരൻ അറിയിച്ചു. കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. ഉയർന്ന താപനില കാരണം വന്യമൃഗങ്ങൾ കാട്ടിൽ നിന്ന് പുറത്തുവരാൻ സാധ്യതയുണ്ടെന്നും വനത്തിൽ പ്രവേശിക്കരുതെന്നും വനംവകുപ്പ് നിർദ്ദേശവും നൽകിയിട്ടുണ്ട്.

എംഎൽഎമാരായ എൽദോസ് കുന്നപ്പള്ളിയും. മാത്യു കുഴൽനാടനും കോതമംഗലത്ത് നടത്തിവന്നിരുന്ന അനിശ്ചിതകാല ഉപവാസ സമരം അവസാനിപ്പിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയിൽ വയോധികയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതൃത്വം മുന്നോട്ടുവച്ച നാലിന ആവശ്യങ്ങളിൽ മൂന്നും സർക്കാർ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു നേര്യമംഗലം കാഞ്ഞിരവേലി സ്വദേശിയായിട്ടുള്ള ഇന്ദിര കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഇതേ തുടർന്നാണ് പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് എത്തുന്നത്. പിന്നീട് എംഎൽഎമാരായ എൽദോസ് കുന്നപ്പള്ളിയും. മാത്യൂ കുഴൽനാടനും കോതമംഗലത്ത് അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുകയായിരുന്നു. നാലാവശ്യങ്ങളായിരുന്നു കോൺഗ്രസ് സമരത്തിലൂടെ മുന്നോട്ടുവെച്ചത്. കാട്ടാന നിരീക്ഷണത്തിന് സ്പെഷ്യൽ ആർ ആർ ടി യെ അനുവദിക്കുക. വനാതിർത്തിയും ജനവാസ മേഖലയെയും വേർതിരിച്ച ഫെൻസിങ് സ്ഥാപിക്കുക. കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. ഒപ്പം കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്നതിനും സർക്കാർ തയ്യാറാകണം എന്നതായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഇതിൽ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്നത് ഒഴികെയുള്ള ബാക്കി മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചത്

Related Posts

Leave a Reply