ഒരു സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നത് വിവിധ ഘടകങ്ങളാണ്. നടൻ, നായിക നായകൻ കോമ്പോ, സംവിധായക- നടൻ കോമ്പോ, സംവിധായക- തിരക്കഥാകൃത്ത് കോമ്പോ അങ്ങനെ പോകുന്നു അത്തരം ഘടകങ്ങൾ. അത്തരത്തിലൊരു സിനിമ നാളെ തിയറ്ററുകളിൽ എത്തുകയാണ്. ‘ഓസ്‌ലർ’. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ജയറാമിന്റെ വൻ തിരിച്ചുവരവിന് വഴിവയ്ക്കുന്ന സിനിമയാണ് ഓസ്‌ലർ എന്നാണ് വിലയിരുത്തൽ.
ജയറാം- മിഥുൻ മാനുവൽ കോമ്പോയ്ക്ക് ഒപ്പം തന്നെ പ്രേക്ഷകരെ ഓസ്‌ലറിലേക്ക് ആകർഷിച്ച വലിയൊരു ഘടകം മമ്മൂട്ടിയാണ്. മമ്മൂട്ടി ചിത്രത്തിൽ കാമിയോ റോളിൽ എത്തുമെന്ന പ്രചരണം ഏറെ നാളുകൾക്ക് മുൻപെ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ചില സൂചനകൾ ട്രെയിലറിൽ നിന്നും പ്രേക്ഷകന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ക്രൈം ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് ഓസ്‌ലർ. ഒരു കൊലയാളി ഉണ്ട് എന്നത് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ട്രെയിലറിന്റെ അവസാന ഭാഗത്ത് ‘ഡെവിള്‍സ് ഓള്‍ട്ടര്‍നേറ്റീവ്’ എന്ന ഡയലോഗ് പറയുന്നത് മമ്മൂട്ടിയാണ് എന്ന് വ്യക്തമാണ്. ഓസ്‌ലറിൽ മമ്മൂട്ടി ജോയിൻ ചെയ്ത സമയത്തൊരു ഫോട്ടോ പുറത്തുവന്നിരുന്നു. ഇതേ ലുക്കിൽ ട്രെയിലറിലെ ഫ്ലാഷ്ബാക്ക് സ്റ്റോറിയിൽ ഒരു കഥാപാത്രത്തെ കാണിക്കുന്നുണ്ട്. ഡോക്ടർ ആണെന്നാണ് സൂചന. അങ്ങനെ എങ്കിൽ മമ്മൂട്ടി ആയിരിക്കും ഇതെന്നാണ് പ്രേക്ഷക കണ്ടെത്തൽ. ഒരുപക്ഷേ നെഗറ്റീവ് കഥാപാത്രം ആകും ഇതെന്നും ഇവർ പറയുന്നു.