Kerala News

ഓരോ സംസ്ഥാനത്തും അവിടുത്തെ നമ്പ‍ർ പ്ലേറ്റ്, കുടുങ്ങിയത് കേരളത്തിൽ; ഡോർ തുറന്ന് നോക്കിയപ്പോൾ കാറിന് ‘സീറ്റില്ല’

വാളയാർ: പാലക്കാട് വാളയാറിൽ വ്യാഴാഴ്ച നടന്നത് വന്‍ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 77 കിലോ കഞ്ചാവ് പിടികൂടി. മുതലമട സ്വദേശി ഇർഷാദ്, അഗളി സ്വദേശി സുരേഷ് കുമാർ എന്നിവരെ വാളയാർ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്.

സംസ്ഥാന അതിർത്തികൾ തോറും കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റിക്കൊണ്ടാണ് പ്രതികള്‍ സഞ്ചരിച്ചിരുന്നത്. ആന്ധ്ര അതിർത്തി വരെ ആന്ധ്ര രജിസ്ട്രേഷനായിരിക്കുമെങ്കില്‍ തമിഴ്നാട് അതിർത്തിയിലേക്ക് കടന്നാൽ തമിഴ്നാടിന്റെ നമ്പർ പ്ലേറ്റിലേക്ക് മാറും. വാളയാർ അതിർത്തിക്കപ്പുറത്ത് നിന്ന് കേരള രജിസ്ട്രേഷനിലേക്കും കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി. എന്നാൽ അതിവിദഗ്ധമായി വാളയാർ അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ കേരള പൊലിസ് ഇവരെ പൊക്കി. പരിശോധിക്കാനായി കാർ തുറന്നു നോക്കിയ അന്വേഷണ ഉദ്യോഗസ്ഥർ പക്ഷേ ശരിക്കും ഞെട്ടി.

കാറിന്റെ സീറ്റുകൾക്കടിയിൽ എട്ട് രഹസ്യ അറകളാണ് നിര്‍മിച്ചിരുന്നത്. ഓരോ അറയിലും സ്‍പോഞ്ചിന് പകരം നിറച്ചിരിക്കുന്നത് കഞ്ചാവ്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രഹസ്യ അറകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 75 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലയിലെ ചില്ലറ വിൽപ്പനക്കാർക്ക് പതിവായി കഞ്ചാവ് കൈമാറിയിരുന്ന സംഘമാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

മറ്റൊരു സംഭവത്തില്‍ തൃശ്ശൂരിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. കുന്നംകുളം സ്വദേശി അജിത്തിനെയാണ് ലഹരി വിരുദ്ധ സ്ക്വാ‍ഡും മണ്ണൂത്തി പൊലീസും ചേർന്ന് പിടികൂടിയത്. 40 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. 15 ബോട്ടിലുകളിലായി ഹാഷിഷ് ഓയിലും. പുതുവർഷ ആഘോഷങ്ങൾക്കായി ബെംഗളൂരുവിൽ നിന്നാണ് ഇവ വാങ്ങിയതെന്ന് അജിത്ത് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

Related Posts

Leave a Reply