Kerala News

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചാം ദിവസം പൊലീസ് പ്രതികളിലേക്കെത്തിയത് ഇങ്ങനെ

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചാം ദിവസമാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. തട്ടിക്കൊണ്ട് പോയതിന്റെ അടുത്ത ദിവസം കുട്ടിയെ കണ്ടെത്തിയെങ്കിലും പ്രതികളെ കുറിച്ച് സൂചനയില്ലാത്തത് പൊലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതികളുടെ യാത്രകളും വാഹനങ്ങളും തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. നവംബർ 27 വൈകുന്നേരം 4.20ന് ട്യൂഷന് പോകും വഴിയാണ് പൂയപ്പള്ളി ഓട്ടുമലയിൽ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാർ പിന്നീട് ചിറക്കര ഭാഗത്തേക്ക് തിരിഞ്ഞു.

കുട്ടിയെ വിട്ട് കിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് കിഴക്കനേലയിലെ ബേക്കറിയിൽ നിന്ന് കുട്ടിയുടെ വീട്ടിലേക്ക് പ്രതികൾ ഫോൺ ചെയ്തത് രാത്രി 7.41 നാണ്. തുടർന്ന് കുട്ടിയെ ചാത്തന്നൂർ മാമ്പള്ളിയിലെ വീട്ടിൽ താമസിപ്പിച്ചു. അടുത്ത ദിവസം രാവിലെ 10 മണിക്ക് വീണ്ടും വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഉണ്ടായില്ല. അപ്പോഴേക്കും കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനം എടുത്തുകഴിഞ്ഞിരുന്നു. രാവിലെ തന്നെ നീല വെർണ കാറിൽ കൊല്ലം നഗരത്തിലേക്ക് നീങ്ങി. അവിടെ നിന്ന് യാത്ര ഒട്ടോയിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒന്നിനും 1.30 നും ഇടയിൽ ആശ്രാമം മൈതാനത്തിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. അടുത്ത ദിവസങ്ങളിൽ പ്രതികളിലേക്ക് എത്താൻ ഒരു സൂചനയുമില്ലാതെ പൊലീസ് പരക്കം പാഞ്ഞു. വലിയ വിമർശനമാണ് പൊലീസിനെതിരെ ഉയർന്നത്. എന്നാൽ വ്യാഴാഴ്ച സ്ഥിതി മാറി. പ്രതികളെ സംബന്ധിച്ച കൃത്യമായ സൂചന ലഭിച്ചു. പൊലീസ് പിന്നാലെ ഉണ്ടെന്ന് മനസ്സിലാക്കിയതോടെ രക്ഷപെടാൻ പ്രതികളും ശ്രമം തുടങ്ങി. പൊലീസും പിന്നാലെ വിട്ടു.

എം നിശാന്തിനിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ വലിയ പൊലീസ് സംഘമാണ് കേസന്വേഷിച്ചത്. സഹോദരൻ ജൊനാഥൻ വിശദീകരിച്ചതല്ലാതെ മറ്റ് തെളിവുകളൊന്നുമുണ്ടായിരുന്നില്ല. അവിടെ നിന്ന് 96 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി. സൈബർ വിശകലനമടക്കം തേടിയാണ് പ്രതികളിലേക്കെത്തിയത്. കുട്ടിയെ യൂട്യൂബിൽ നിന്ന് കാർട്ടൂൺ കാണിച്ചുവെന്ന് അറിഞ്ഞതിൽ നിന്ന് ലാപ്ടോപ്പിന്റെ ഐപി അഡ്രസ് കണ്ടുപിടിച്ചു. കൃത്യത്തിലുടനീളം മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിനെ കുഴക്കിയെങ്കിലും നീലക്കാറിലാണ് കൊണ്ടുപോയതെന്ന കുട്ടിയുടെ വാക്കുകളിൽ നിന്ന് കാറും അതിന്റെ ഉടമയെയും കണ്ടെത്തി, അന്വേഷണം കൃത്യമായി പത്മകുമാറിലേക്കും കുടുംബത്തിലേക്കുമെത്തി.

പത്മകുമാറിന് തെങ്കാശിയിൽ കൃഷിയുണ്ടായിരുന്നു. അവിടേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. അവിടെ നവാസ് എന്നയാളുടെ സ്ഥലം പാട്ടത്തിന് എടുത്തിരുന്നു. അപവിടേക്കാണ് പോകാൻ ശ്രമിച്ചത്. ആദ്യം ചെങ്കോട്ടയിലെത്തി, അവിടെ മുറി കിട്ടിയില്ല. പിന്നീട് തെങ്കാശിയിൽ ചെന്ന് മുറിയെടുത്തു. പിറ്റേന്ന് തെങ്കാശി പുളിയറയിൽ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് മൂവരും പിടിയിലാകുന്നത്. വൈകീട്ട് അഞ്ച് മണിയോടെ പ്രതികളെ നേരെ അടൂർ പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുവന്നു. അവിടെ വച്ച് വിശദമായി ചോദ്യം ചെയ്തു. പുലർച്ചെ മൂന്ന് മണി വരെ നീണ്ട ചോദ്യം ചെയ്യലിനോടുവിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ആദ്യം കുട്ടിയുടെ പിതാവ് റെജിയുമായി സാമ്പത്തിക ഇടപാടുണ്ടെന്നും തട്ടിക്കൊണ്ടുപോകലിന് കാരണമിതാണെന്നും പൊലീസിനെ വിശ്വസിപ്പിച്ച് കേസിന്റെ അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് എല്ലാ സത്യങ്ങളും പുറത്തുവന്നത്.

പ്രതികൾ ഫോൺ ചെയ്യുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ഈ ശബ്ദം തിരിച്ചറിഞ്ഞവർ പൊലീസിന് സൂചന നൽകി. യാത്രാ സമയത്തൊന്നും പ്രതികൾ മൊബൈൽ ഉപയോഗിച്ചിരുന്നില്ല. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് പ്രതികൾ തട്ടിക്കൊണ്ടുപോകൽ നടത്തിയത്. ഒറിജിൽ നമ്പർ പ്ലേറ്റുമായി വീട്ടിൽ നിന്ന് ഇറങ്ങി പിന്നീടാണ് സംഘം പാരിപ്പള്ളി ഹൈവേയിൽ വച്ച് നമ്പർ പ്ലേറ്റ് മാറ്റിയത്.

Related Posts

Leave a Reply