ഓയൂരിൽ ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ഈ മാസം 15 വരെ
റിമാൻഡ് ചെയ്തു. ചാത്തനൂർ സ്വദേശി പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരാണ് പ്രതികൾ. കോടതി മുറിക്കുള്ളിൽ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് പ്രതികൾ നിന്നത്.
മൂവരും പരസ്പരം സംസാരിക്കുകയും ചെയ്തു. ലളിതയെന്ന ബന്ധുവാണ് ഇവർക്ക് വേണ്ടി വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്. പ്രതികൾക്കായി 2 അഭിഭാഷകരാണ് ഹാജരായത്. അനിതകുമാരിയെയും മകൾ അനുപമയെയും അട്ടക്കുളങ്ങരയിൽ എത്തിക്കും. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മാറ്റും.
കൊവിഡിന് ശേഷം പദ്‌മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഒരു വർഷം നീണ്ട ആസൂത്രണമെന്ന് എഡിജിപി എം.ആർ അജിത്കുമാർ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നുവെന്നും മറ്റ് പല സ്ഥലങ്ങളിലും കിഡ്‌നാപ്പ് ചെയ്യാൻ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് നീക്കങ്ങളിൽ പ്രതികൾ കരുതലോടെ നീങ്ങി. കുറ്റകൃത്യത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് നീങ്ങി. കുട്ടിയുമായി ഫാം ഹൗസിലേക്ക് പോയിട്ടില്ല. കുട്ടിയുടെ പ്രതികളെ ശരിയായി പ്രതിരോധിച്ചു. കുട്ടി നൽകിയത് കൃത്യമായ വിവരം.കുട്ടികൾ ധൈര്യത്തോടെ പ്രതികരിച്ചു. രേഖാ ചിത്രം വരച്ചവർ തന്ന വിവരങ്ങൾ വളരെ വ്യക്തമായിരുന്നു. പത്മകുമാറിന് അടിയന്തരമായി 10 ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. കുട്ടിയുടെ പിതാവിന് കേസുമായി ബന്ധമില്ല.
കേസിന്റെ ആദ്യ ദിവസം തന്നെ ലഭിച്ച ഒരു സുപ്രധാന തെളിവിൽ നിന്നാണ് പ്രതി ചാത്തന്നൂരിൽ നിന്നുള്ള ആളാണെന്ന് പൊലീസ് മനസ്സിലാക്കുന്നത്. ആ സൂചനയിൽ നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. പത്മകുമാർ കംപ്യൂട്ടർ ബിരുദധാരിയാണ്.
കാറിന് വ്യാജ നമ്പർ നിർമിക്കുകയായിരുന്നു ആദ്യ പടി. കിഡ്‌നാപ്പിങ് നടത്താൻ സൗകര്യമുള്ള സ്ഥലവും കുട്ടികളെയും തിരഞ്ഞ് കുടുംബം കാറിൽ പരിസരത്ത് കറങ്ങാറുണ്ടായിരുന്നുവെന്നാണ് വിവരം. അധികം ശ്രദ്ധയിൽപ്പെടാത്തതും കൈകാര്യം ചെയ്യാനെളുപ്പവുമായ കുട്ടികളെയായിരുന്നു പ്രതികൾക്ക് ആവശ്യം. സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്നേയാണ് ഓയൂരിലെ കുട്ടിയും സഹോദരനും ശ്രദ്ധയിൽപ്പെടുന്നത്.
പിന്നെയും രണ്ട് മൂന്ന് തവണ ഇവർ പരിസരത്ത് തമ്പടിക്കുകയും കുട്ടിയെ കാണുകയും ചെയ്തു. കുട്ടിയെ തട്ടിയെടുക്കാൻ രണ്ടു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവദിവസം നാലു മണിയോടെ കുട്ടികൾക്കടുത്തെത്തിയ ഇവർ ആദ്യം മൂത്ത കുട്ടിയെയാണ് ലക്ഷ്യമിട്ടത്. എന്നാൽ അത് നടക്കാതെ വന്നതോടെ ആറുവയസുകാരിയിലേക്കായി.
ഇടയ്ക്ക് കുട്ടിയിൽ നിന്ന് മാതാവിന്റെ ഫോൺ നമ്പർ വാങ്ങി കുട്ടിയുടെ അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതിനിടെ സംഭവം വലിയ വാർത്തയായതും അറിഞ്ഞിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ഫോൺ പോലും ഉപയോഗിക്കാതെയായിരുന്നു പ്രതികളുടെ നീക്കം.