Kerala News

ഓണത്തോടനുബന്ധിച്ച് കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന നടത്തിയ രണ്ട് പേരെ എക്‌സൈസ് പിടികൂടി.

കൊച്ചി: ഓണത്തോടനുബന്ധിച്ച് കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന നടത്തിയ രണ്ട് പേരെ എക്‌സൈസ് പിടികൂടി. കൊച്ചി കാക്കനാടാണ് സംഭവം. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കൊല്ലംകുടി മുകള്‍ സ്വദേശി കിരണ്‍ കുമാര്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ വാഹനങ്ങളില്‍ നിന്നും വാടക വീട്ടില്‍ നിന്നുമായി 20 ലിറ്റര്‍ ചാരായം എക്‌സൈസ് പിടിച്ചെടുത്തു. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകണങ്ങളും എക്‌സൈസ് കണ്ടെടുത്തു.

കാക്കനാടിന് സമീപം തേവയ്ക്കലില്‍ രണ്ട് നില വീട് വാടകയ്‌ക്കെടുത്തായിരുന്നു ചാരായ വില്‍പന. കുലുക്കി സര്‍ബത്ത് ഉണ്ടാക്കുന്നുവെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. വാറ്റ് ചാരായത്തിന്റെ മണം പുറത്ത് വരാതിരിക്കാന്‍ സുഗന്ധ വ്യജ്ഞന വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് മാത്രമേ ഇവര്‍ ചാരായം വാറ്റി നല്‍കുമായിരുന്നുള്ളൂ.

ചാരായ നിര്‍മാണത്തിന് വീട് വാടകയ്ക്ക് എടുത്തിരുന്നതും പണം മുടക്കിയിരുന്നതും സന്തോഷാണ്. ആവശ്യക്കാരെ കണ്ടെത്തി ഓര്‍ഡര്‍ എടുത്തിരുന്നത് കിരണായിരുന്നു. മട്ടാഞ്ചേരി സ്വദേശി കുന്നത്ത് പാറ വീട്ടില്‍ ലൈബിനാണ് തേവക്കലുള്ള വീട്ടിലെത്തി ഓര്‍ഡര്‍ പ്രകാരം ചാരായം വാറ്റി നല്‍കിയിരുന്നത്. വാറ്റ് സ്‌പെഷ്യലിസ്റ്റ് എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ലൈബിനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

അതിവിദഗ്ധമായിട്ടാണ് സംഘം ചാരായ വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് പറയുന്നു. രണ്ട് വാഹനങ്ങളില്‍ ഇരുന്നാണ് ഓപ്പറേഷന്‍. ചാരായത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ കിരണ്‍ ഓട്ടോറിക്ഷയുമായി പറഞ്ഞ സ്ഥലത്ത് എത്തും. തുടര്‍ന്ന് പരിസരം നിരീക്ഷിക്കും. ശേഷം പണം വാങ്ങി പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പിച്ച് സന്തോഷിന് സിഗ്നല്‍ നല്‍കും. തൊട്ടപ്പുറത്ത് നിര്‍ത്തിയിട്ട ‘നാടന്‍ കുലുക്കി സര്‍ബത്ത്’ എന്ന ബോര്‍ഡ് വച്ച നാനോ കാറില്‍ നിന്ന് സന്തോഷ് ഓര്‍ഡര്‍ പ്രകാരമുള്ള സാധനം കിരണിന്റെ ഓട്ടോയുടെ പിന്‍ഭാഗത്ത് വയ്ക്കും. തുടര്‍ന്ന് വാഹനം ഓടിച്ചു പോകുകയാണ് ചെയ്തിരുന്നതെന്നും എക്‌സൈസ് പറഞ്ഞു.

Related Posts

Leave a Reply