Kerala News

ഓണത്തിന് ജനപ്രിയ ‘ജവാന്‍’; വിറ്റൊഴിഞ്ഞത് ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍

തിരുവനന്തപുരം: ഓണക്കാലത്ത് ജനപ്രിയമായി ജവാന്‍. പത്ത് ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴഞ്ഞത് ജവാന്‍ ബ്രാന്‍ഡാണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാനാണ് വിറ്റൊഴിഞ്ഞത്. ഓണത്തിന് മുമ്പ് തന്നെ ജനപ്രിയ ബ്രാന്റുകള്‍ ഔട്ട്‌ലെറ്റുകളില്‍ എത്തിച്ച് സജ്ജമാക്കിയിരുന്നു. അന്നും മുന്‍ഗണന ജവാന് തന്നെയായിരുന്നു. വില കുറവാണെന്നത് കൂടിയാണ് ജവാനെ ജനപ്രിയമാക്കുന്നത്.

പ്രത്യേകിച്ചൊരു ബ്രാന്‍ഡും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ റം നല്‍കണമെന്നായിരുന്നു മാനേജര്‍മാര്‍ക്കുള്ള നിര്‍ദേശം.

ഇത്തവണ ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഇന്നലെ വരെ പത്ത് ദിവസം 757 കോടിയുടെ മദ്യമാണ് കേരളത്തിലെ വിവിധ ബെവ്‌കോകളില്‍ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് വിറ്റത്.

അവിട്ടം ദിനമായ ഇന്നലെ ബെവ്‌കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. പത്ത് ദിവസത്തിനിടെ ഇവിടെ 7 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. ഓണക്കാലത്തെ മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിലേക്കെത്തിയത് 675 കോടിയുടെ വരുമാനമാണ്.

ഉത്രാട ദിനം വരെ എട്ട് ദിവസം കൊണ്ട് 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 21.8.23 മുതല്‍ ഉത്രാടം 28.8.23 വരെയുള്ള ഓണക്കാലത്തെ മൊത്തം വില്‍പ്പനയുടെ കണക്കാണിത്. ഇത്തവണ 41കോടി രൂപയുടെ അധിക വില്‍പനയാണ് ഉത്രാടം വരെ നടന്നത്. കഴിഞ്ഞ വര്‍ഷം 31.8.22 മുതല്‍ 7.9.22 വരെ 624 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. കഴിഞ്ഞ വര്‍ഷം 9.9.22 വരെയുള്ള മൊത്തം ഓണക്കാലത്തെ വില്‍പ്പന 700.6 കോടിയായിരുന്നു.

Related Posts

Leave a Reply