ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ മത്സരം. കൊച്ചിയിൽ രാത്രി ഏഴരയ്ക്ക് നടക്കുന്ന കളിയിൽ പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. ഓണം കളറാക്കാൻ കൊച്ചിയിൽ കൊന്പന്മാരുടെ എഴുന്നള്ളത്ത്. കലൂർ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ മഞ്ഞപ്പൂളം തീർത്ത് പൂവിളിയും വാദ്യമേളങ്ങളുമായി ആഘോഷം കൊഴുപ്പിക്കാൻ മഞ്ഞപ്പടയും റെഡി.
ഐഎസ്എൽ പതിനൊന്നാം സീസൺ ജയത്തോടെ തുടങ്ങാൻ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ പരിശീലകൻ മികായേൽ സ്റ്റാറെക്ക് കീഴിൽ അവസാന വട്ട പരിശീലനവും പൂർത്തിയാക്കി. ഗോളടി വീരൻ ദിമിത്രിയോസ് ഡിയാമന്റക്കോസ് ടീം വിട്ടെങ്കിലും ഇരട്ടക്കുഴൽ തോക്കുപോലെ ആക്രമണത്തിന് ജെസ്യൂസ് ഹിമനെസ് – നോഹ സദോയ് കൂട്ടുകെട്ടുണ്ട് ബ്ലാസ്റ്റേഴ്സ് നിരയിൽ.
ഗോളടിക്കാനും ഗോളടിപ്പിക്കാനും നായകൻ അഡ്രിയാൻ ലൂണയും ക്വാമി പെപ്രയും അയ്മൻ- അസർ സഹോദരങ്ങളും കെപി രാഹുലുമൊക്കെയായി ഇത്തവണ കടവും കലിപ്പുമെല്ലാം തീർക്കാൻ ഉറച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സ്. ആദ്യ സീസണിൽ എട്ടാം സ്ഥാനത്തായെങ്കിലും ഇത്തവണ കപ്പിൽ കണ്ണുവച്ചുതന്നെയാണ് പഞ്ചാബ് എഫ്സിയുടേയും വരവ്. മുന്നിൽ നിന്ന് നയിക്കുന്ന നായകൻ ലൂക്ക തന്നെയാണ് പഞ്ചാബിന്റെ കരുത്ത്. ടീമിൽ മലയാളി സാന്നിധ്യമായി കേരള ബ്ലാസ്റ്റേഴ്സ് ലോണിൽ അയച്ച നിഹാൽ സുധീഷുമുണ്ട്.