Kerala News

ഓട്ടോയിൽ നിന്ന് തെറിച്ചു വീണ കുട്ടിയെ കാർ ഇടിച്ചു തെറിപ്പിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ കുട്ടിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ആലുവ കുട്ടമശ്ശേരിയിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം. ആലുവ വാഴക്കുളം സ്വദേശിയായ നിഷിക്കാന്ത (7) ആണ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണത്. കാറിടിച്ച് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛനോടൊപ്പം ഓട്ടോയിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്. അച്ഛനായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു.ഇന്ന് രാവിലെയാണ് സംഭവം. ദാരുണ സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഓട്ടോയിൽനിന്ന് റോഡിലേക്ക് കുട്ടി വീഴുന്നതും എഴുന്നേല്‍ക്കാൻ നോക്കുന്നതിനിടെ പിന്നില്‍നിന്നും വന്ന കാര്‍ ഇടിച്ചശേഷം മുന്നോട്ട് പോകുന്നതും ദൃശ്യത്തില്‍ കാണാം. സംഭവം നടന്നശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. കുട്ടി ഓട്ടോയിൽനിന്ന് വീണയുടനെ ഓട്ടോ നിര്‍ത്തി അച്ഛൻ പുറത്തിറങ്ങുമ്പോഴേക്കും അപകടം നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാറിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിക്കാൻ തയ്യാറായില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. 

അപകട വിവരം ആലുവ പൊലീസിനെ അറിയിച്ചപ്പോൾ രേഖാമൂലം നാളെ വന്ന് മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും കാര്‍ കണ്ടെത്താൻ നടപടി സ്വീകരിച്ചില്ലെന്നും പരിക്കേറ്റ കുട്ടിയുടെ അമ്മാവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്. തലയ്ക്കും മറ്റു ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Related Posts

Leave a Reply