മലപ്പുറം തിരൂർ വൈലത്തൂരിൽ ഒൻപത് വയസുകാരൻ ഗേറ്റിൽ കുടുങ്ങി മരിച്ചതിന് പിന്നാലെ മുത്തശ്ശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാൻ ആശുപത്രിയിലെത്തിയപ്പോൾ മുത്തശ്ശി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാൻ (9) ആണ് ഓട്ടോമാറ്റിക്ക് ഗേറ്റിന് ഉള്ളിൽ കുടുങ്ങി മരിച്ചത്. മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടി മരിച്ചത്.
ഇന്നലെ റിമോർട്ട് കൺട്രോൾ ഗേറ്റില്‍ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് സിനാനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
ഇന്നലെ വൈകീട്ട് 4 മണിയ്ക്കാണ് ദാരുണ സംഭവമുണ്ടാകുന്നത്. കുട്ടി വൈകീട്ട് അയല്‍പക്കത്തുള്ള വീടുവഴി പള്ളിയിലേക്ക് പോകുകയായിരുന്നു. ഇതേ വഴിയ്ക്ക് കുട്ടി സ്ഥിരമായി സഞ്ചരിക്കുമായിരുന്നു. വൈകീട്ടോടെ നാട്ടുകാരാണ് കുട്ടിയെ ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. കുട്ടി ഗേറ്റിനുള്ളില്‍ എങ്ങനെയാണ് കുടുങ്ങിതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.