മംഗളൂരു: മുന്‍ഭാര്യയെയും ഭര്‍ത്താവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. 19കാരി ഹിന മെഹബൂബ്, ഭര്‍ത്താവ് 21കാരന്‍ യാസിന്‍ ആദാം എന്നിവരെയാണ് 24കാരന്‍ തൗഫിഖ് ഷൗക്കത്ത് കൊന്നത്. ബെൽഗാവിലെ കോക്കാട്ട്നൂരിൽ ചൊവാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട തൗഫിഖിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ചയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
‘ഒന്നര വര്‍ഷം മുന്‍പാണ് ഹിനയും തൗഫിഖും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും നടത്തിയ ഒരു യാത്രയ്ക്ക് വേണ്ടി യാസിന്‍ ഡ്രൈവറായ വാഹനമാണ് വാടകയ്ക്ക് വേണ്ടി വിളിച്ചിരുന്നത്. ഈ യാത്രയില്‍ വച്ചാണ് ഹിനയും യാസിനും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഒളിച്ചോടി പോയ ഹിനയും യാസിനും 2023 ഡിസംബറില്‍ വിവാഹിതരായി. ഇതിനിടെ തൗഫിഖിനെതിരെ വിവാഹമോചന കേസും ഫയല്‍ ചെയ്തു.’ ഇതിന്റെ വൈരാഗ്യത്തിലാണ് ഹിനയെയും യാസിനെയും കൊല്ലാന്‍ തൗഫിഖ് തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിവാഹ ശേഷം ജനുവരി 29നാണ് കോക്കാട്ട്നൂരിലെ വീട്ടിലേക്ക് ഹിനയും യാസിനും എത്തിയത്. ചൊവാഴ്ച വൈകുന്നേരം ഈ വീട്ടിലെത്തിയാണ് തൗഫിഖ് ഇരുവരെയും ആക്രമിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇരുവരെയും തൗഫിഖ് ക്രൂരമായി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഹിനയുടെ മാതാപിതാക്കളെയും തൗഫിഖ് ആക്രമിച്ചു. ഇവരെ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിപ്രദേശമായ മിറാജിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.