Kerala News

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് ലൈസൻസ് ടെസ്റ്റുകൾ പുനഃരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിഷേധം.

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് ലൈസൻസ് ടെസ്റ്റുകൾ പുനഃരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതിയായ കെഎംഡിഎസ് അറിയിച്ചതോടെ ലൈസൻസ് ടെസ്റ്റുകൾ ഇന്നും മുടങ്ങും. ​ഗതാ​ഗത കമ്മീഷണറുടെ സർക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്നും പുതിയ ഹർജി ഫയർ ചെയ്യുമെന്നും കെഎംഡിഎസ് അറയിച്ചു.

ഭൂരിപക്ഷം ഡ്രൈവിങ് സ്കൂളുകളും കെഎംഡിഎസിന് കീഴിലാണെന്നിരിക്കെ പ്രതിഷേധത്തെ മറികടന്ന് ടെസ്റ്റുകൾ നടത്തുന്ന മോട്ടോർ വാഹന വകുപ്പിന് എളുപ്പമായിരിക്കില്ല. പുതിയ സാഹചര്യത്തിൽ ഡ്രൈവിങ് സ്കൂളുകൾ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് കെഎംഡിഎസ് പറയുന്നത്. സിഐടിയു പ്രക്ഷോഭങ്ങളിൽ നിന്ന് പിന്മാറിയെങ്കിലും പ്രതിഷേധം തുടരാനാണ് കെഎംഡിഎസിന്റെ തീരുമാനം.

പരിഷ്കാരത്തിൽ ഇളവ് വരുത്തിയെങ്കിലും ഉത്തരവിൽ സെക്ഷൻ ഓഫീസർ ഒപ്പ് വെക്കാത്തതാതകിനാൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഇളവ് നിർദ്ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇളവുകൾക്ക് മുമ്പുള്ള നിർദ്ദേശപ്രകാരം ടെസ്റ്റ് നടത്താനാണ് നിലവിലെ തീരുമാനം. ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ തേടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പരിഷ്കാരങ്ങൾക്കെതിരായ കടുത്ത നിലപാടിൽ നിന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പിന്മാറിയതോടെയായിരുന്നു ഇന്ന് മുതൽ ടെസ്റ്റ് പുനരാരംഭിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് ട്രാക്കുകൾ നിശ്ചലമായിരുന്നു. പുതുക്കിയ പരിഷ്കാരവുമായി മുന്നോട്ട് തന്നെയെന്ന് സർക്കാരും പരിഷ്കാരം അനുവദിക്കില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യൂണിയനുകളും നിലപാട് എടുത്തതോടെയാണ് ട്രാക്കുകളിൽ പ്രതിഷേധം പുകഞ്ഞത്.

എതിർപ്പ് കനത്തതോടെ വിവാദത്തിന്റെ നട്ട് അൽപ്പം ലൂസാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. പരിഷ്കാരങ്ങളിൽ ഇളവുകൾ തയ്യാറാക്കി. ഇതോടെയാണ് താത്കാലികമായി സമരം അവസാനിപ്പിക്കാൻ സിഐടിയു അടക്കമുള്ള സംഘടനകൾ തീരുമാനിച്ചത്. പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ഈ മാസം 23ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗണേഷ് കുമാറുമായി ചർച്ച നടത്തുന്നുണ്ട്. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മറ്റ് പ്രശ്നങ്ങൾ ഈ യോഗത്തിൽ ചർച്ചയാകും. ഇതിലും വഴങ്ങാൻ മന്ത്രി തയ്യാറായില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ഉൾപ്പെടെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സിഐടിയു തീരുമാനം. ഇതിനിടെയാണ് കെഎംഡിഎസിന്റെ പ്രതിഷേധം.

Related Posts

Leave a Reply