കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു. ഐശ്വര്യവും, സമ്പൽസമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാർത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു.
കാർഷിക സംസ്കാരവുമായി കൂടി ബന്ധമുള്ള ആഘോഷമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കണ്ടുണരുന്ന കണി ആ വർഷം മുഴുവൻ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം.
നിറദീപക്കാഴ്ചയിൽ കണ്ണനെ കണികണ്ടുണർന്നും, വിഷക്കൈനീട്ടം നൽകിയും, പടക്കം പൊട്ടിച്ചും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുകയാണ്.
വിവിധ ക്ഷേത്രങ്ങളിൽ വിഷുദിനത്തിൽ ദർശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വിഷു ആഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. വരാനിരിക്കുന്ന വർഷത്തിൽ നമ്മുടെ ജീവിതത്തിലെ സമ്പൽസമൃദ്ധമായ ഐശ്വര്യങ്ങളെയും, സൗഭാഗ്യങ്ങളെയും ആണ് കണി കാണലിന്റെ സങ്കല്പം.
അതിനാൽ തന്നെ വിഷുക്കണി ഒരുക്കുന്നത് പച്ചക്കറികൾ, ഫലമൂലാദികൾ, പുതുവസ്ത്രം എന്നിവ കൊണ്ടാണ് ഇവയെല്ലാം തന്നെ സമ്പദ് സമൃദ്ധിയാണ് അടയാളപ്പെടുത്തുന്നത്. പരമ്പരാഗത രീതി അനുസരിച്ച് ഓട്ടുരുളിയിൽ ഉണക്കലരിയും, കണിവെള്ളരിയും, കൊന്നപ്പൂവും, വെറ്റിലയും, നാളികേരവും, സ്വർണ്ണമാല, വാൽക്കണ്ണാടി, സിന്ദൂരച്ചെപ്പ്, ഗ്രന്ഥം ചക്ക, മാങ്ങ, തുടങ്ങിയ പഴങ്ങളും കൃഷ്ണവിഗ്രഹവും ആണ് കണിയിൽ പ്രധാനമായും ഉൾപ്പെടുത്തുന്നത്.
ഇന്ന് പുലർച്ചെ നിലവിളക്ക് തെളിയിച്ചാണ് കണികണ്ടുണരുന്നത് തുടർന്ന് കുടുംബത്തിലെ മുതിർന്നവർ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് വിഷുക്കൈനീട്ടവും നൽകും.