ഐ ലീഗിൽ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ് സി നാളെ ഇറങ്ങും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്റർ കാശിയാണ് എതിരാളികൾ. ഉദ്ഘാടന മത്സരത്തോടനുബന്ധിച്ചുള്ള കലാവിരുന്നിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും.
ഐ ലീഗ് ഏഴാം സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സ്പാനിഷ് കോച്ച് ഡോമിംഗോ ഒറാമോസും സംഘവും. അലക്സാണ്ട്രോ സാഞ്ചസ് നയിക്കുന്ന ടീം തികഞ്ഞ പ്രതീക്ഷയിലാണ്. ലീഗിൽ തുടക്കാക്കാരാണെങ്കിലും പരിചയ സമ്പന്നരായ താരങ്ങളുള്ള ഇന്റർ കാശിയെ വിലകുറച്ച് കാണുന്നില്ലെന്ന് അലക്സാണ്ട്രോ സാഞ്ചസ് പറഞ്ഞു.
25 അംഗ സംഘത്തിൽ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക ഉൾപ്പെടെ 11 മലയാളി താരങ്ങളുണ്ട്. വിഎസ് ശ്രീക്കുട്ടനാണ് ഉപനായകൻ. ഗോകുലം മാൾ, സ്റ്റേഡിയം എന്നിവിടങ്ങളിലും ഗോകുലം ചിറ്റ്സ് ഓഫീസുകളിലും ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നുണ്ട്.