ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ സ്കോർ. മഴ മൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 157 റൺസ് നേടി. 42 റൺസ് നേടിയ വെങ്കടേഷ് അയ്യരാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. മുംബൈക്കായി പീയുഷ് ചൗളയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മോശം തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. ആദ്യ ഓവർ ഫിൽ സാൾട്ടിനെ നുവാൻ തുഷാരയും അടുത്ത ഓവറിൽ സുനിൽ നരേനെ ജസ്പ്രീത് ബുംറയും മടക്കി. തുടരെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മുംബൈക്കെതിരെ മികച്ച റെക്കോർഡുള്ള വെങ്കടേഷ് അയ്യർ ആക്രമിച്ച് കളിച്ചു. മൂന്നാം വിക്കറ്റിൽ ശ്രേയാസ് അയ്യരുമായിച്ചേർന്ന് വെങ്കടേഷ് അയ്യർ 30 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 10 പന്തുകളിൽ 7 റൺസ് നേടിയ ശ്രേയാസിനെ പുറത്താക്കി അൻഷുൽ കംബോജ് ഈ കൂട്ടുകെട്ട് പൊളിച്ചു.
നാലാം വിക്കറ്റിൽ നിതീഷ് റാണ എത്തിയതോടെ കൊൽക്കത്ത നില മെച്ചപ്പെടുത്തി വെങ്കടേഷ് ആക്രമണം തുടർന്നപ്പോൾ റാണ ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി. 37 റൺസ് നീണ്ട കൂട്ടുകെട്ട് വെങ്കടേഷ് അയ്യരെ പുറത്താക്കി പീയുഷ് ചൗള അവസാനിപ്പിച്ചു. 21 പന്തിൽ 42 റൺസ് നേടിയാണ് താരം പുറത്തായത്. അഞ്ചാം വിക്കറ്റിൽ ആന്ദ്രേ റസലും നിതീഷ് റാണയും ചേർന്ന് 39 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ 33 റൺസ് നേടിയ റാണയെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കിയ തിലക് വർമ ഈ കൂട്ടുകെട്ട് പൊളിച്ചു. ആക്രമിച്ചുകളിക്കുകയായിരുന്ന ആന്ദ്രേ റസലിനെ (14 പന്തിൽ 24) പീയുഷ് ചൗള വീഴ്ത്തി. 12 പന്തിൽ 20 റൺസ് നേടിയ റിങ്കു സിംഗ് ബുംറയുടെ ഇരയായി മടങ്ങിയപ്പോൾ രമൺദീപ് സിംഗ് (8 പന്തിൽ 17) നോട്ടൗട്ടാണ്.