India News Sports

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് ആദ്യ ജയം. 

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് ആദ്യ ജയം. 20 റൺസിനാണ് ഡൽഹിയുടെ ജയം. 192 റൺസ് വിജലയക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടാനേ സാധിച്ചുള്ളൂ. 30 പന്തിൽ 45 റൺസ് നേടിയ അജിങ്ക്യ രഹാനെയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ധോണി 16 പന്തിൽ പുറത്താവാതെ 37 റൺസ് നേടി.

മോശം തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. ആദ്യ ഓവറിലെ അവസാന പന്തിൽ ഋതുരാജ് ഗെയ്ക്‌വാദിനെ (1) ഖലീൽ അഹ്മദ് പുറത്താക്കി. സ്വിങ്ങിൽ വിഷമിച്ച രചിൻ രവീന്ദ്ര മൂന്നാം ഓവറിലെ അവസാന പന്തിൽ ഖലീലിൻ്റെ രണ്ടാം ഇരയായി. 12 പന്ത് നേരിട്ട താരം വെറും രണ്ട് റൺസ് മാത്രമാണ് നേടിയത്.

മൂന്നാം വിക്കറ്റിൽ അജിങ്ക്യ രഹാനെയും ഡാരിൽ മിച്ചലും ചേർന്ന കൂട്ടുകെട്ടാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം സാവധാനം ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. 68 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായത്. ഒടുവിൽ 26 പന്തിൽ 34 റൺസ് നേടിയ മിച്ചലിനെ മടക്കി അക്സർ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. മിച്ചൽ മടങ്ങിയെങ്കിലും പോസിറ്റീവായി ബാറ്റ് ചെയ്ത രഹാനെ നാലാം വിക്കറ്റിൽ ശിവം ദുബെയ്ക്കൊപ്പം ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചു. എന്നാൽ, 30 പന്തിൽ 45 റൺസ് നേടിയ രഹാനെയെയും റൺസൊന്നുമെടുക്കാത്ത സമീർ റസ്‌വിയെയും തുടർച്ചയായ പന്തുകളിൽ വീഴ്ത്തി മുകേഷ് കുമാർ ചെന്നൈക്ക് ഇരട്ട പ്രഹരമേല്പിച്ചു. ഡൽഹിയുടെ തകർപ്പൻ ബൗളിംഗിൽ പതറിയ ശിവം ദുബെയും (17 പന്തിൽ 18 റൺസ്) മുകേഷിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ഏഴാം വിക്കറ്റിൽ ജഡേജയ്ക്ക് കൂട്ടായി ധോണി എത്തിയതോടെ കളി മാറി. തുടർ ബൗണ്ടറികളിലൂടെ ഡൽഹിയെ കടുത്ത സമ്മർദ്ദത്തിലാക്കിയ സഖ്യം മത്സരത്തിൽ ചെന്നൈയ്ക്ക് ആധിപത്യം നൽകി. ജഡേജ അല്പം വിഷമിച്ചെങ്കിലും ധോണി അപാര ഫോമിലായിരുന്നു. എങ്കിലും, 19ആം ഓവർ എറിഞ്ഞ മുകേഷ് കുമാർ വെറും അഞ്ച് റൺസ് മാത്രം വിട്ടുനൽകിയതോടെ ഡൽഹി ഏറെക്കുറെ ജയം ഉറപ്പിച്ചു. ആൻറിച് നോർക്കിയ എറിഞ്ഞ അവസാന ഓവറിൽ 20 റൺസ് നേടിയെങ്കിലും ചെന്നൈക്ക് വിജയിക്കാനായില്ല. 16 പന്തിൽ നാല് ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 37 റൺസ് നേടിയ ധോണിയും 17 പന്തിൽ 21 റൺസ് നേടിയ ജഡേജയും നോട്ടൗട്ടാണ്.

Related Posts

Leave a Reply