India News Sports

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം.

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. 7 വിക്കറ്റിനാണ് ചെന്നൈയുടെ ജയം. 138 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 17.4 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയതീരമണഞ്ഞു. 67 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ വിജയശില്പി. സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ആദ്യ പരാജയമാണിത്. ചെപ്പോക്കിലെ സ്ലോ പിച്ചിൽ ആദ്യ പന്തിൽ തന്നെ തുഷാർ ദേശ്പാണ്ഡെ ഫിൽ സാൾട്ടിനെ (0) മടക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ സുനിൽ നരേനും അങ്ക്രിഷ് രഘുവൻശിയും ചേർന്ന് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 56 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 18 പന്തിൽ 24 റൺസ് നേടിയ രഘുവൻശിയെ ജഡേജ പുറത്താക്കിയതോടെ കൊൽക്കത്തയുടെ തകർച്ച ആരംഭിച്ചു. അതേ ഓവറിൽ നരേനെയും (20 പന്തിൽ 27) വീഴ്ത്തിയ ജഡേജ ചെന്നൈക്ക് മേൽക്കൈ നൽകി. തൻ്റെ അടുത്ത ഓവറിൽ വെങ്കടേഷ് അയ്യരെ (3) പുറത്താക്കിയ ജഡേജ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 4 ഓവറിൽ വെറും 18 റൺസ് വഴങ്ങിയാണ് ജഡേജയുടെ പ്രകടനം.

രമൺദീപ് സിംഗിനെ (12 പന്തിൽ 13) മഹീഷ് തീക്ഷണയും റിങ്കു സിംഗിനെ (14 പന്തിൽ 9) തുഷാർ ദേശ്പാണ്ഡെയും മടക്കി അയച്ചു. ആന്ദ്രേ റസലിനെയും (10 പന്തിൽ 10) ദേശ്പാണ്ഡെ വീഴ്ത്തി. ശ്രേയാസ് അയ്യർ (32 പന്തിൽ 34), മിച്ചൽ സ്റ്റാർക് (0) എന്നിവരെ മുസ്തഫിസുറും വീഴ്ത്തി. ശ്രേയാസാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ.

മറുപടി ബാറ്റിംഗിൽ ചെന്നൈ നന്നായി തുടങ്ങി. രചിൻ രവീന്ദ്ര തുടർ ബൗണ്ടറികളുമായി ആക്രമിച്ചുകളിച്ചു. എന്നാൽ, 8 പന്തിൽ 15 റൺസ് നേടിയ താരത്തെ വൈഭവ് അറോറ പുറത്താക്കി. എന്നാൽ, രണ്ടാം വിക്കറ്റിൽ ഋതുരാജ് ഗെയ്ക്‌വാദും ഡാരിൽ മിച്ചലും ചേർന്ന കൂട്ടുകെട്ട് ചെന്നൈയെ ഡ്രൈവിങ് സീറ്റിലാക്കി. 70 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ മിച്ചലിനെ (19 പന്തിൽ 25) നരേൻ മടക്കി. മൂന്നാം വിക്കറ്റിൽ ഗെയ്ക്‌വാദുമായിച്ചേർന്ന് ശിവം ദുബെ 38 റൺസ് കൂട്ടുകെട്ടുയർത്തി. 18 പന്തിൽ 28 റൺസ് നേടിയ ദുബെയെയും അറോറയാണ് പുറത്താക്കിയത്. 45 പന്തിൽ ഫിഫ്റ്റി തികച്ച ഗെയ്‌ക്‌വാദ് 58 പന്തിൽ 67 റൺസ് നേടി പുറത്താവാതെ നിന്നു.

Related Posts

Leave a Reply