കൊളംബോ: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം. അഭിമാന പോരാട്ടത്തില്‍ 228 റണ്‍സിനാണ് രോഹിത് ശര്‍മ്മയും സംഘവും പാകിസ്താനെ തകര്‍ത്തെറിഞ്ഞത്. റിസര്‍വ് ദിനത്തില്‍ ഇന്ത്യ മുന്നോട്ട് വെച്ച 357 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം നേരിടാനിറങ്ങിയ പാകിസ്താന്‍ 32 ഓവറുകളില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് പാകിസ്താന്റെ പതനം പൂര്‍ണമാക്കിയത്. വിരാട് കോഹ്ലിയാണ് കളിയിലെ താരം. ഇതോടെ ഏഷ്യാകപ്പ് ഫൈനലിനുള്ള സാധ്യത ഇന്ത്യ നിലനിർത്തി.
ഇന്ത്യയുയര്‍ത്തിയ 357 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ഒരുഘട്ടത്തിലും നിലയുറപ്പിക്കാന്‍ സാധിച്ചില്ല. ഒമ്പത് റണ്‍സെടുത്ത ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ ജസ്പ്രീത് ബ്രുംമ പുറത്താക്കുമ്പോള്‍ പാകിസ്താന്റെ സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പത്ത് റണ്‍സെടുത്ത ബാബര്‍ അസമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയതോടെ പാകിസ്താന്‍ പതറി. പിന്നാലെ മഴമത്സരം തടസ്സപ്പെടുത്തി. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ തന്നെ മുഹമ്മദ് റിസ്വാനെ നിലയുറപ്പിക്കുന്നതിന് മുമ്പ് ശാര്‍ദ്ദുല്‍ താക്കൂര്‍ പുറത്താക്കി.
പാകിസ്താന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 47 എന്ന നിലയിൽ തകര്‍ച്ചയെ നേരിട്ടു. ഓപ്പണര്‍ ഫഖാര്‍ സമാനും അഖാ സല്‍മാനും പാകിസ്താനെ കരകയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ കുല്‍ദീപ് യാദവ് 27 റണ്‍സെടുത്ത ഫഖാര്‍ സമാനെപുറത്താക്കി. നിലയുറപ്പിക്കുമെന്ന് തോന്നിപ്പിച്ച അഖാ സല്‍മാന്‍ ഇഫിത്ഖര്‍, അഹമ്മദ് ജോടിയെ പിരിച്ച് കുല്‍ദീപ് യാദവ് പാകിസ്താന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. പിന്നീട് കുല്‍ദീപ് യാദവിന് മുന്നില്‍ പാക് ബാറ്റര്‍മാര്‍ പ്രതിരോധമില്ലാതെ കീഴടങ്ങി. പാക് നിരയിലെ അവസാന രണ്ട് ബാറ്റര്‍മാര്‍ പരിക്ക് മൂലം ബാറ്റിംഗിന് ഇറങ്ങിയില്ല. ഇതോടെ 32 ഓവറില്‍ 128 റണ്‍സിന് പാകിസ്താന്റെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ വിജയം. 8 ഓവര്‍ ബൗള്‍ ചെയ്ത കുല്‍ദീപ് 25 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 356 റണ്‍സ് നേടി. വിരാട് കോഹ്‌ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ച്വറികളുടെ പിന്‍ബലത്തിലായിരുന്നു ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 94 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും 9 ബൗണ്ടറിയും അടക്കം വിരാട് കോഹ്‌ലി പുറത്താകാതെ 122 റണ്‍സ് നേടി. കെഎല്‍ രാഹുല്‍ 12 ബൗണ്ടറിയുടെയും രണ്ട് സിക്‌സറുകളുടെയും പിന്‍ബലത്തില്‍ പുറത്താകാതെ 111 റണ്‍സ് നേടി. പുറത്താകാതെ 194 പന്തില്‍ നിന്നും 233 റണ്‍സാണ് കോഹ്‌ലി-രാഹുല്‍ സഖ്യം നേടിയത്.
മഴമൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവച്ച മത്സരത്തിലാണ് കോഹ്‌ലിയും രാഹുലും തകര്‍ത്തടിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യയുടെ സ്‌കോര്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റിന് 147 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴമൂലം കളി റിസര്‍വ് ദിനത്തിലേക്ക് മാറ്റിവച്ചത്. കെ എല്‍ രാഹുല്‍ 17 റണ്‍സോടെയും വിരാട് കോഹ്‌ലി എട്ട് റണ്‍സോടെയും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു മഴമൂലം മത്സരം മാറ്റിവെച്ചത്. നേരത്തെ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം ഇന്ത്യ മുതലാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു മഴകളി തടസ്സപ്പെടുത്തിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ 49 പന്തില്‍ നിന്ന് 56 റണ്‍സും ശുഭ്മാന്‍ ഗില്‍ 52 പന്തില്‍ നിന്ന് 58 റണ്‍സും നേടി പുറത്തായിരുന്നു.