India News

ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ പൂനെ ഓഫീസ് പ്രവർത്തിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ

ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ പൂനെ ഓഫീസ് പ്രവർത്തിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. മഹാരാഷ്ട്ര തൊഴിൽ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. മഹാരാഷ്ട്ര ഷോപ്സ് ആൻ‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചുള്ള രജിസ്ട്രേഷൻ ഓഫീസിനില്ലെന്നാണ് കണ്ടെത്തിയത്.

2007 മുതൽ പ്രവർത്തിക്കുന്ന കമ്പനിക്ക് ഷോപ്പ് ആക്ട് ലൈസൻസ് ഇല്ലെങ്കിലും ഈ വർഷം ഫെബ്രുവരിയിൽ ഓൺലൈനായി അപേക്ഷിച്ചിരുന്നായാണ് വൃത്തങ്ങൾ പറയുന്നത്. ജീവനക്കാരുടെ അവകാശങ്ങൾ, ജോലി സമയം, വേതനം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള തൊഴിൽ സാഹചര്യങ്ങളെ നിയന്ത്രിക്കുന്ന മഹാരാഷ്ട്ര ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌റ്റിന് കീഴിലുള്ള നിയമപരമായ ആവശ്യകതയാണ് ഷോപ്പ് ആക്‌റ്റ് ലൈസൻസ്. നിയമപരമായി പ്രവർത്തിക്കാൻ പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ലൈസൻസ് നേടിയിരിക്കണം..

E&Yയിൽ ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യൻ മരിച്ചത് ജോലി സമ്മർദമെന്ന പരാതി ഉയർന്നിരുന്നു. ഇ വൈ ഗ്ലോബലിന് കീഴിലുള്ള എസ് ആർ ബട്ട്‌ലിബോയുടെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു ജോലി ഭാരം മൂലം കുഴഞ്ഞുവീണ് മരിച്ച അന്ന. അമ്മ അനിത സെബാസ്റ്റ്യൻ മകൾ നേരിട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആൻഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയർമാൻ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് അന്നയുടെ പിതാവ് പ്രതികരിച്ചു. ചാറ്റേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ​ഗുരുതര ആരോപണവുമായി കൂടുതൽ പേർ രംഗത്തെത്തി. എക്സിലൂടെ ഇ വൈക്ക് എതിരെ ആരോപണം ഉന്നയിച്ച് കമ്പനിയിലെ മുൻ സഹപ്രവർത്തകരാണ് മുന്നോട്ട് വന്നിരിക്കുന്നത്. മാനസിക പീഡനം, നിയമ വിരുദ്ധമായി സ്ഥാപനത്തിൽ നിന്ന് പുറത്താക്കൽ, അവധി അനുവദിക്കാതെയുള്ള ജോലി സമ്മർദം തുടങ്ങിയ ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയരുന്നത്. ഇതിനിടെയാണ് പൂനെയിലെ ഓഫീസ് പ്രവർത്തിച്ചത് അനുമതിയില്ലാതെയാണെന്ന് കണ്ടെത്തിയത്.

Related Posts

Leave a Reply