ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. അഞ്ച് തവണ ലോക ചാമ്പ്യനായ ഓസ്‌ട്രേലിയ ആണ് എതിരാളികൾ. ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഡെങ്കിപ്പനി ബാധയെ തുടർന്ന് ഇൻ-ഫോം ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലില്ലാതെയാകും ടീം ഇന്ത്യ ഇറങ്ങുന്നത്.
അടുത്തിടെ സമാപിച്ച മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയെ 2-1 ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഗില്ലിന്റെ അഭാവം തിരിച്ചടിയായേക്കും. ഗിൽ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഒരുപക്ഷേ ഗിൽ പുറത്തായാൽ ഇഷാൻ കിഷൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും.
ഇന്ത്യയുടെ നാലാം നമ്പർ തലവേദനയായി തുടരുകയാണ്. ശ്രേയസ് അയ്യരും സൂര്യകുമാർ യാദവുമാണ് നാലാം നമ്പറിൽ ഇന്ത്യയുടെ ഓപ്‌ഷനുകൾ. ബൗളിംഗിൽ മൂന്ന് സ്പിന്നർമാർക്ക് അവസരം നൽകിയേക്കും. എങ്കിൽ മുഹമ്മദ് ഷമിക്ക് ആദ്യ മത്സരത്തിൽ പുറത്ത് ഇരിക്കേണ്ടി വരും. ആറാം കിരീടം തേടിയിറങ്ങുന്ന ഓസ്‌ട്രേലിയ ലോകകപ്പിന് ജയത്തോടെ തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്. ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ തിരിച്ചുവരവ് കംഗാരുക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ഏകദിനത്തിൽ ഇരു ടീമുകളും 149 തവണ മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ 56 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ ഓസ്ട്രേലിയ 83 മത്സരങ്ങൾ ജയിച്ചു. 10 മത്സരങ്ങളിൽ ഫലമുണ്ടായില്ല. ഇന്ത്യയിൽ 70 തവണയാണ് ഇരു ടീമുകളും മുഖാമുഖം വന്നത്. 32 ൽ ഇന്ത്യയും 33 മത്സരങ്ങളിൽ ഓസ്‌ട്രേലിയയും വിജയിച്ചു. 2019 ലോകകപ്പിന് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിനത്തിൽ 12 തവണ മുഖാമുഖം വന്നിട്ടുണ്ട്. ഇരുവരും ആറ് മത്സരങ്ങൾ വീതം വിജയിച്ചു.
ചെന്നൈയിലെ ചെപ്പോക്കിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ ടീം ഇന്ത്യ ഒരു മത്സരവും ഓസ്ട്രേലിയ രണ്ട് മത്സരങ്ങളും ജയിച്ചു. ചെപ്പോക്കിൽ ഇരുവരും തമ്മിൽ ഒരു ഏകദിന മത്സരം മാത്രമാണ് നടന്നിട്ടുള്ളത്. 1987 ലോകകപ്പിൽ കളിച്ച ഈ മത്സരത്തിൽ ഓസ്‌ട്രേലിയ ഒരു റണ്ണിന് വിജയിച്ചു.











