Kerala News

എ സി മൊയ്തീന് വീണ്ടും നോട്ടീസ് അയച്ചു ഇഡി – തിങ്കളാഴ്ച ഹാജരാകണം

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അം​ഗവുമായ എ സി മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദ്ദേശം. ഇന്ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. പെട്ടെന്ന് ലഭിച്ച നോട്ടീസായതിനാൽ ഹാജരാകുന്നതിന് അസൗകര്യമുണ്ട് എന്ന് അറിയിച്ച് എ സി മൊയ്തീൻ ചൊവ്വാഴ്ച്ച ഇഡിക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചത്.

അതിനിടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ മുഖ്യകണ്ണികളായ രണ്ട് ബിനാമികളെ ഇന്ന് ചോദ്യം ചെയ്തേക്കും. കേസിൽ ഉൾപ്പെട്ട മൂന്ന് പേരെ ഇന്നലെ കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. മൊയ്തീൻ്റെ ബിനാമിയെന്ന് കരുതുന്ന അനിൽ സേഠ്, ബാങ്ക് മുൻ മാനേജർ ബിജു കരീം, ഇടനിലക്കാരൻ പി പി കിരൺ എന്നിവരെ ഇഡി ഇന്നലെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു . ഇവരിൽ നിന്ന് ഏറെ സുപ്രധാനമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരുമായി എ സി മൊയ്തീൻ എംഎൽഎ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് എ സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ട് പ്രതികള്‍ എ സി മൊയ്തീന് എതിരെ മൊഴി നല്‍കിയ സാഹചര്യത്തിലായിരുന്നു ഇഡി റെയ്ഡിനെത്തിയത്. കരുവന്നൂര്‍ ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജു കരീം, ഡയറക്ടര്‍ബോര്‍ഡ് അംഗം കിരണ്‍ എന്നിവര്‍ എ സി മൊയ്തീന് എതിരായി മൊഴി നല്‍കിയിരുന്നത്.

Related Posts

Leave a Reply