Kerala News

എ പ്ലസ് വിമര്‍ശനം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും, എതിർപ്പുമായി അധ്യാപകസംഘടനകൾ

പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എ പ്ലസ് കിട്ടുന്നുവെന്ന എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടിയത്.

കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. ഡിജിഇ പറഞ്ഞത് സര്‍ക്കാര്‍ അഭിപ്രായം അല്ലെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

എസ് ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതില്‍ അദ്ദേഹത്തോട് തന്നെ റിപ്പോര്‍ട്ട് തേടിയതില്‍ അധ്യാപക സംഘടനകള്‍ക്ക് എതിര്‍പ്പുണ്ട്. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ തയ്യാറാക്കലിന് മുന്നോടിയായുള്ള ശില്‍പശാലയിലായിരുന്നു എസ് ഷാനവാസിന്റെ വിമര്‍ശനം.

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തെ തള്ളിക്കൊണ്ട് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വന്നിരുന്നു. ആഭ്യന്തര യോഗത്തില്‍ പറയുന്നത് സര്‍ക്കാര്‍ നയമല്ല. തോല്‍പ്പിച്ച് യാന്ത്രികമായി ഗുണമേന്മ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമല്ല. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ഗുണമേന്മ വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതില്‍ മാറ്റം വരുത്തില്ല. പൊതു വിദ്യാഭ്യാസം സംരക്ഷിക്കലും മെച്ചപ്പെടുത്തലുമാണ് സര്‍ക്കാര്‍ നയമെന്നും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

Related Posts

Leave a Reply