Kerala News

എ എൻ പ്രഭാകരന്റെ വിവാദ പരാമർശത്തിന് പിന്നാലെ സിപിഐഎമ്മിനെ കടന്നാക്രമിച്ച് പി വി അൻവർ

തിരുവനന്തപുരം: വയനാട് സിപിഐഎം ജില്ലാ കമ്മിറ്റി അം​ഗം എ എൻ പ്രഭാകരന്റെ വിവാദ പരാമർശത്തിന് പിന്നാലെ സിപിഐഎമ്മിനെ കടന്നാക്രമിച്ച് പി വി അൻവർ. ആദിവാസി-പിന്നോക്ക വിഷയങ്ങളിൽ സിപിഐഎം സുരേഷ് ഗോപിക്ക് പഠിക്കുകയാണെന്നാണ് അൻവറിന്റെ പ്രതികരണം, എഎൻ പ്രഭാകരന്റേത് വർ​ഗീയപരവും ആദിവാസി വിരുദ്ധവുമായ പരാമർശമാണ്. കുറച്ചുകാലങ്ങളായി ബിജെപി എംപിയായ സുരേഷ് ഗോപിയും, സിപിഐഎം നേതാക്കളും ആദിവാസി- പിന്നോക്ക വിഷയങ്ങളിൽ സ്വീകരിക്കുന്ന സമാന നിലപാടുകൾ പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ സംവരണ സീറ്റിൽ മാത്രം മത്സരിപ്പിച്ചാൽ മതിയെന്ന നിലപാട് എവിടെനിന്നാണ് സിപിഐഎം കടംകൊണ്ടതെന്ന് വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും പി വി അൻവർ വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പി വി അൻവറിന്റെ പരാമർശം.

പനമരത്ത് മുസ്‌ലിം ലീ​ഗ് നേതാവായ ആദിവാസി വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു സിപിഐഎം ജില്ലാ കമ്മിറ്റി അം​ഗം എഎൻ പ്രഭാകരന്റെ വിവാദ പരാമർശം. പനമരത്ത് യുഡിഎഫ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കിയെന്ന അധിക്ഷേപ പരാമര്‍ശമാണ് എഎൻ പ്രഭാകരൻ നടത്തിയത്. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും എ എൻ പ്രഭാകരൻ്റെ പ്രസംഗത്തിൽ പറയുന്നുണ്ട്. പനമരത്ത് അവിശ്വാസത്തിലൂടെ സിപിഐഎം ജനപ്രതിനിധിയ്ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് സിപിഐഎം നേതാവിന്റെ പരാമര്‍ശം. അവിശ്വാസ പ്രമേയത്തിൽ സിപിഐഎം പ്രതിനിധിക്ക് സ്ഥാനം നഷ്ടമായതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പ്രതിനിധിയായ ലക്ഷ്മി ആലക്കമറ്റം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Related Posts

Leave a Reply