മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയാണ് ബാബ സിദ്ദിഖി. കാറിൽ കയറുന്നതിനിടെയാണ് സിദ്ദിഖിക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്ന് തവണ സിദ്ദിഖിക്ക് നേരെ വെടിയുതിർത്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടുക്കുന്ന സംഭവം മഹാരാഷ്ട്രയിൽ ഉണ്ടായിരിക്കുന്നത്.
നിരവധി തവണ എംഎൽഎയായിരുന്ന ബാബ സിദ്ദിഖി, 2004 – 2008 കാലഘട്ടത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരിന്നു. 4നേരത്തെ മുംബൈയിലെ മുൻസിപ്പൽ കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 8 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ഫെബ്രുവരി എട്ടിന് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സിദ്ദിഖി രാജിവെച്ചിരുന്നു. പിന്നീട് അജിത്ത് പവാറിന്റെ എൻസിപിയിൽ ചേരുകയായിരുന്നു. ബോളിവുഡിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് സിദ്ദിഖി.