ഭാവഗായകൻ പി ജയചന്ദ്രന് എൺപതാം പിറന്നാൾ. അഞ്ച് പതിറ്റാണ്ടിലേറെയായി മറക്കാനാകാത്ത നിത്യസുന്ദരഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കുന്ന മഹാഗായകൻ. ആരും അലിഞ്ഞുപോകുന്ന സ്വരം. പതിറ്റാണ്ടുകളായി മലയാളികളെ തൊട്ടുണർത്തുന്ന പാട്ടുകൾ. ലളിതസുന്ദരവും ഭാവതീവ്രവുമായ പാട്ടുകൾ നമുക്ക് സമ്മാനിച്ച സർഗസാന്നിധ്യം.
ഹൃദയത്തിൽ തൊടുന്ന ആലാപനം. പ്രണയവും വിരഹവും നിറഞ്ഞ പാട്ടുകളിലൂടെ മലയാളിയുടെ പ്രിയപ്പെട്ട ഭാവഗായകനായി മാറി പി ജയചന്ദ്രൻ. സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലായിരുന്നു ബാല്യകാലം. കഥകളി, മൃദംഗം ചെണ്ടവായന, പൂരം, പാഠകം, ചാക്യാർകൂത്ത് എന്നിവയോടെല്ലാം താൽപര്യമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾതലത്തിൽ തന്നെലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു
1958ലെയുവജനോത്സവത്തിൽ ലളിതസംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം. കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി ആണ് പുറത്തിറങ്ങിയ ആദ്യഗാനം. പിന്നീടിങ്ങോട്ട് മലയാളിക്ക് പ്രിയപ്പെട്ട എത്രയെത്ര പാട്ടുകൾ.
മലയാളം തമിഴ് കന്നഡ, തെലുഗ് ഹിന്ദി ഭാഷകളിലായി പതിനയ്യായിരത്തിലേറെ ഗാനങ്ങൾ. 2008 ൽ എ. ആർ. റഹ്മാൻ സംഗീതത്തിൽ അൽക യാഗ്നിക്കിനൊപ്പം പാടി ഹിന്ദി ഗാനരംഗത്തെത്തി. ജെ സി ഡാനിയേൽ പുരസ്കാരം ,കലൈമാമണി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ഭാവഗായകനെ തേടിയെത്തി. 1960 കളിൽ തുടങ്ങിയ സംഗീത യാത്ര അനസ്യൂതം തുടരുകയാണ്.