കണ്ണൂർ: എസ്ബിഐ ജീവനക്കാരിയും അടുത്തില സ്വദേശിയുമായ ദിവ്യയുടെ മരണത്തിൽ ഭർത്താവിൻ്റെയും ഭർതൃമാതാവിൻ്റെയും വിശദമായ മൊഴി രേഖപ്പെടുത്തി പോലീസ്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പഴയങ്ങാടി എസ് ഐയാണ് ഭർതൃ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയത്. ദിവ്യയുമായി പ്രശ്നങ്ങൾ ഉണ്ടായതായും എന്നാൽ ആത്മഹത്യ ചെയ്യാൻ മാത്രമുള്ള പ്രശ്നങ്ങൾ ഉണ്ടായതായി കരുതുന്നില്ലെന്നുമാണ് ഭർത്താവിൻ്റെ മൊഴി. മരിക്കുന്ന ദിവസം രാത്രി ദിവ്യ തനിച്ചാണ് കിടന്നിരുന്നതെന്നും ഭർത്താവ് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. പോലീസ് ദിവ്യയുടെ മൊബൈൽ ഫോണും മുറിയിലെ മറ്റ് വസ്തുക്കളും വിശദമായി പരിശോധിക്കുന്നുണ്ട്. ദിവ്യയുടെ മരണം ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഭർത്താവ് ഉണ്ണികൃഷ്ണനും ഭർതൃമാതാവും മകളെ ജാതി അധിക്ഷേപം നടത്തി നിരന്തരം പീഡിപ്പിച്ചു എന്നാണ് ദിവ്യയുടെ അച്ഛൻ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയത്. സംഭവ ദിവസം രാത്രി അമ്മയെ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചിരുന്നതായും ഛർദ്ദിച്ചപ്പോൾ വീണ്ടും കഴിപ്പിച്ചതായും പത്തുവയസ്സുകാരനായ മകൻ വെളിപ്പെടുത്തി. 2023 ഏപ്രിൽ 17നാണ് ദിവ്യയും ഉണ്ണികൃഷ്ണനും വിവാഹിതരാകുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഒമ്പത് മാസത്തിന് ശേഷം 2024 ജനുവരി 25നാണ് ദിവ്യയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവ ദിവസം രാത്രി ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ നടന്ന കാര്യങ്ങളാണ് ദിവ്യയുടെ മകൻ വെളിപ്പെടുത്തിയത്.