പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആക്ഷേപം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. പത്തനംതിട്ട നഗരസഭയിലെ 22 വാർഡുകളിലുള്ള ബാങ്ക് അംഗങ്ങൾക്ക് മാത്രമാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം. എന്നാൽ നഗരസഭാ പരിധിക്കു പുറത്തുള്ള സിപിഎം അനുകൂലികളായ പലരും തെരഞ്ഞെടുപ്പിൽ പലതവണ കള്ളവോട്ടു ചെയ്തതായി കോൺഗ്രസ് ആരോപിച്ചു.
സഹകരണ സംഘങ്ങൾ കള്ളവോട്ടിലൂടെ സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കള്ളവോട്ട് ചെയ്യാനെത്തിയവർക്ക് കാവലൊരുക്കുകയാണു പൊലീസ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
തിരുവല്ല സ്വദേശിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ കെ എസ് അമൽ തെരഞ്ഞെടുപ്പിൽ 5 തവണ വോട്ട് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനുപുറമേ, സിപിഎം പെരിങ്ങനാട് ലോക്കൽ സെക്രട്ടറി അഖിൽ പെരിങ്ങനാട്, എസ്എഫ്ഐ കൊടുമൺ ഏരിയ പ്രസിഡന്റ് കിരൺ, ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയംഗം ജോയേഷ് പോത്തൻ അടക്കമുള്ളവരും ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെ വിഡിയോ കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ 6 മാസത്തിനിടെ തെരഞ്ഞെടുപ്പുകൾ നടന്ന തിരുവല്ല ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക്, അടൂർ ഏറത്ത് സർവീസ് സഹകരണ ബാങ്ക്, അടൂർ അർബൻ സർവീസ് സഹകരണ ബാങ്ക് എന്നിവ സമാനമായ രീതിയിൽ ആസൂത്രിതമായി നടത്തിയ കള്ളവോട്ടിലൂടെയാണ് എൽഡിഎഫ് പിടിച്ചെടുത്തതാണെന്നാണ് കോൺഗ്രസ് ആരോപണം. ഈ സാധ്യത മുൻകൂട്ടി കണ്ട് രാവിലെ 10നു മുൻപുതന്നെ വനിതാ വോട്ടുകൾ ഉൾപ്പെടെയുള്ള പാനൽ വോട്ടുകൾ പരമാവധി ഉറപ്പാക്കിയതിനാലും കള്ളവോട്ടുകൾ ചോദ്യംചെയ്തു തടയാനായതിനാലുമാണ് പത്തനംതിട്ടയിൽ ജയിക്കാനായതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ അഴൂർ പറഞ്ഞു.
25 വർഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ 5 വർഷത്തിനിടെ 932 അംഗങ്ങളാണ് പുതുതായി ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശരാശരി 900 വോട്ടുകളാണ് എൽഡിഎഫ് പാനലിലെ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. ഇത്തവണ അത് 1500–1600 ലേക്ക് ഉയർന്നു. അതേസമയം തെരഞ്ഞെടുപ്പിൽ പാനലിനായി ആരും കള്ളവോട്ട് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു എൽഡിഎഫ് നേതാക്കളുടെ പ്രതികരണം.
അതേസമയം, എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കോൺഗ്രസ് കള്ളവോട്ട് ആരോപണം ഉന്നയിച്ചപ്പോൾ തങ്ങളും കള്ളവോട്ട് ചെയ്തെന്ന സൂചന നൽകുന്ന കോൺഗ്രസ് നേതാവിന്റെ പ്രസംഗം സിപിഎം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. തങ്ങളും കള്ളവോട്ട് ചെയ്ത സൂചന നൽകിയത് നഗരസഭ കൗൺസിലർ അഡ്വക്കേറ്റ് സുരേഷ് കുമാർ ആണ്. കള്ളവോട്ട് ചെയ്യാൻ തങ്ങൾക്ക് അറിയുമെന്ന് കാണിച്ചുകൊടുത്തു എന്ന് സുരേഷ് കുമാർ വിഡിയോയിൽ പറയുന്നു.
പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് വിജയിച്ചത്. എൽഡിഎഫ് ഒരു സീറ്റിൽ മാത്രം വിജയിച്ചു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെയാണ് കള്ളവോട്ട് ആരോപണവുമുയർന്നത്.