Kerala News

‘എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം’; എക്‌സാലോജികിന്റെ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും

ബംഗളൂരു: മാസപ്പടി വിവാദത്തിലെ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വീണാ വിജയന്‍ ഉടമയായ എക്സാലോജിക് സൊല്യൂഷന്‍സ് നല്‍കിയ ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയവും എസ്എഫ്ഐഒയുമാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.

ഹര്‍ജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഇടം നേടിയിട്ടില്ലെങ്കിലും അഭിഭാഷകന്‍ ഇക്കാര്യം ഹൈക്കോടതിയില്‍ ഉന്നയിച്ചേക്കും. കര്‍ണാടക ഹൈക്കോടതിയുടെ ബംഗളൂരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എക്സാലോജികിന്റെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ തീരുമാനം സ്വാഭാവിക നീതിയുടെ ലംഘനവും നിയമ വിരുദ്ധവുമാണ്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നുമാണ് എക്സാലോജികിന്റെ ഹര്‍ജിയിലെ ആവശ്യം. ബാംഗ്ലൂര്‍ ആണ് എക്സാലോജികിന്റെ ആസ്ഥാനം. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എസ്എഫ്ഐഒ സംഘം നീക്കം നടത്തുന്നതിനിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്സാലോജിക് നടപടി. എക്സാലോജിക് നിയമവിരുദ്ധമായി പണം കൈപ്പറ്റിയതാണ് എസ്എഫ്ഐഒ പരിശോധിക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്നും ആദായ നികുതി വകുപ്പില്‍ നിന്നും രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. 1.72 കോടി രൂപയാണ് വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്നും കൈപ്പറ്റിയത്. സേവനം നല്‍കാതെ പണം കൈപ്പറ്റിയത് അഴിമതിയായി വിലയിരുത്തുകയാണ് കേന്ദ്ര ഏജന്‍സികള്‍. കെഎസ്‌ഐഡിസിയിലെ പരിശോധന കഴിഞ്ഞ് ബംഗളൂരുവിലേക്ക് തിരിച്ച എസ്എഫ്‌ഐഒ സംഘം ഏറെ വൈകാതെ വീണയുടെ മൊഴി രേഖപ്പെടുത്തിയേക്കും എന്നാണ് സൂചന. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Related Posts

Leave a Reply