Kerala News

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് ക്രൈം ബ്രാഞ്ച്.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാര്‍ ഉടമകള്‍ പണം പിരിച്ചത് ബാര്‍ കോഴയ്ക്ക് എന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ആരും കോഴ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇടുക്കിയിലെ ബാര്‍ ഉടമകള്‍ നല്‍കിയ മൊഴി. ശബ്ദരേഖ ചോര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ മാത്രം തുടര്‍ നടപടി സ്വീകരിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

മദ്യനയം അനുകൂലമാക്കാന്‍ പണപ്പിരിവിന് നിര്‍ദേശിച്ചെന്നായിരുന്നു പുറത്തുവന്ന ശബ്ദരേഖ. എന്നാല്‍ പിന്നാലെ ബാര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് ഇത് തിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നത്. ബാര്‍ ഉടമകളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമിട്ട ബാര്‍ ഉടമ അനി മോന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടേയും മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ബാര്‍ ഉടമകളുടെ മൊഴികളിലോ മറ്റോ കോഴ ആരോപണം സൂചിപ്പിക്കുന്ന യാതൊന്നും തന്നെയില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. മദ്യനയത്തിനായല്ല, ഒരു കെട്ടിടം വാങ്ങുന്നതിനാണ് പണപ്പിരിവെന്നാണ് ബാര്‍ ഉടമകള്‍ നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസെടുക്കാന്‍ കഴിയില്ലെന്ന തീരുമാനം ഒരു റിപ്പോര്‍ട്ടായി ഉടന്‍ തന്നെ ക്രൈം ബ്രാഞ്ച് മേധാവിയ്ക്ക് കൈമാറും.

Related Posts

Leave a Reply