കാസര്‍കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ എല്‍ഡിഎഫ് നല്കിയ ഇടതുസ്ഥാനാര്‍ത്ഥിയുടെ പരസ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വടകരയില്‍ കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയതു പോലെ പാലക്കാടും തെരഞ്ഞെടുപ്പിന്റെ തലേന്ന് മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അഡ്വട്ടോറിയല്‍ നല്കി വര്‍ഗീയ പ്രചരണത്തിനാണ് സിപിഐഎം ശ്രമിച്ചിരിക്കുന്നതെന്ന് സതീശന് തുറന്നടിച്ചു. സിപിഐഎമ്മിനെക്കുറിച്ചോര്ത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യര്‍ ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സിപിഐഎം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലിം സംഘടനകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ പരസ്യം, സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലുമില്ല. എല്ലാ മതവിഭാഗങ്ങളും വായിക്കും എന്നതു കൊണ്ടാണ് സ്വന്തം പത്രത്തില്‍ കൊടുക്കാനിരുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ദീപിക പത്രത്തില്‍ ഒരു പരസ്യം നല്കി. മുസ്ലീം പത്രത്തില്‍ മറ്റൊരു പരസ്യവും കൊടുത്തു. എന്നാല്‍ അതിനേക്കാള്‍ വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സംഘപരിവാര്‍ പോലും സിപിഐഎമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഉറപ്പിച്ചിട്ടും ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് ബിജെപിയെ ജയിപ്പിക്കാനുള്ള ഹീനമായ തന്ത്രം നടപ്പാക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. എന്തുവന്നാലും യുഡിഎഫ് തോല്‍ക്കണമെന്ന വാശിയാണ്. സന്ദീപ് വാര്യര്‍ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് ഇത്ര പ്രശ്നം? ആര്‍എസ്എസ് അക്രമി സംഘത്തിന് നേതൃത്വം നല്‍കിയെന്ന് പറയുന്ന ഒ കെ വാസുവിന്റെ കഴുത്തില്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് മലബാര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനം നല്കിയ ആളാണ് പിണറായി വിജയന്. സന്ദീപ് വാര്യര്‍ ആരെയും കൊന്നിട്ടില്ലെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.