കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) മരിച്ചത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭർത്താവ് ബാലൻ ഒളിവിലാണ്. ഇയാളുടെ സൈക്കിൾ മൂഴിക്കുളം ജംങ്ഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചു. ഇന്നലെ ആലപ്പുഴയിലും സമാനമായ സംഭവം നടന്നിരുന്നു. കായംകുളത്ത് ബിജെപി പ്രാദേശിക നേതാവിനെയും ഭാര്യയെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം മണ്ഡലം സെക്രട്ടറി പി കെ സജിയും ഭാര്യ ബിനു സജിയുമാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. ഭാര്യ ബിനുവിൻ്റെ മൃതദേഹം കഴുത്ത് അറുത്ത നിലയിലാണ്. ബിനു സ്കൂൾ ടീച്ചറാണ്. സംഭവത്തില്‍ ദുരൂഹത നീങ്ങാൻ കൂടുതൽ പരിശോധനകൾ നടത്തുകയാണ് പൊലീസ്. ദമ്പതികൾ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.