കൊച്ചി: എറണാകുളത്ത് കുപ്രസിദ്ധ ഗുണ്ടാനേതാവ് വിനു വിക്രമനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചെ 2 മണിയോടെ റോഡിൽ വെച്ചാണ് വിനുവിനെ വെട്ടിക്കൊന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു. കൊലപാതക കേസുകളിൽ അടക്കം പ്രതിയാണ് വിനു. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ ചിലർ ചേർന്ന് വിനുവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിന് ശേഷമാണ് കൊലപാതകം നടത്തിയത്. ഇയാളെ ഓട്ടോയിൽ കയറ്റികൊണ്ടു പോയ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഇയാള്‍ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
2019ൽ അത്താണിയിൽ വെച്ച് മറ്റൊരു ഗുണ്ടാ നേതാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് വിനു വിക്രമൻ. ഇയാൾക്കെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നതായും വിവരങ്ങൾ ഉണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
