എറണാകുളത്തുനിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ട്രെയിൻ കൊല്ലം-ചെങ്കോട്ട വഴി പിറ്റേദിവസം രാവിലെ 5.45ന് വേളാങ്കണ്ണിയിൽ എത്തും
തിരുവനന്തപുരം: എറണാകുളം-വേളാങ്കണ്ണി ദ്വൈവാര എക്സ്പ്രസ് ട്രെയിന്‍ സെപ്റ്റംബർ 25 മുതൽ ഓടിത്തുടങ്ങും. എറണാകുളത്തുനിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് ട്രെയിൻ പുറപ്പെടുന്നത്. അടുത്ത ദിവസം പുലർച്ചെ 5.45ന് ട്രെയിൻ വേളാങ്കണ്ണിയിലെത്തും.
വേളാങ്കണ്ണിയിൽനിന്ന് തിരികെയുള്ള സർവീസ് ചൊവ്വ, ഞായർ ദിവസങ്ങളിലായിരിക്കും. വേളാങ്കണ്ണിയിൽനിന്ന് വൈകിട്ട് 6.40ന് യാത്ര തിരിക്കുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.40ന് എറണാകുളം ജങ്ഷനിൽ എത്തിച്ചേരും. എറണാകുളത്തുനിന്ന് കോട്ടയം, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചെങ്കോട്ട, രാജപാളയം, വിരുദുനഗർ, നാഗപട്ടണം വഴിയാണ് ട്രെയിൻ വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുക.
എറണാകുളം-വേളാങ്കണ്ണി ദ്വൈവാര എക്സ്പ്രസ് ട്രെയിനിന് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഈ ട്രെയിനിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ കാലമായി എറണാകുളത്തുനിന്ന് കൊല്ലം-ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്തിവരികയായിരുന്നു. ഈ ട്രെയിനാണ് റെയിൽവേ ആഴ്ചയിൽ രണ്ടുദിവസം സ്ഥിരം സർവീസാക്കി മാറ്റിയത്. സ്ഥിരം സർവീസ് ആരംഭിക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു. പുതിയ ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ വേളാങ്കണ്ണിയിലേക്കുള്ള തീർഥാടകർക്ക് ഉൾപ്പടെ ഏറെ പ്രയോജനം ചെയ്യുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്.