Kerala News

എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതായി ആശങ്ക

കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതായി ആശങ്ക. 51 പേർക്കാണ് ആരോഗ്യ വകുപ്പിന്റെ കണക്കിൽ ഇതുവരെ രോഗം ബാധിച്ചത്. പഞ്ചായത്ത് അടിയന്തര അവലോകനയോഗം വിളിച്ചു. പെരുമ്പാവൂരിലും എറണാകുളത്തുമായി വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി നിരവധി വേങ്ങൂർ സ്വദേശികൾ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും രോഗികളുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആദ്യം രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ പതിനേഴാം തിയ്യതിയാണ്. പിന്നീടങ്ങോട്ട് രോഗം പടർന്നു. അതിനിടയാക്കിയത് കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കുളം ശുചീകരിക്കാൻ വൈകിയതാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

പഞ്ചായത്ത് അധികൃതരെ കുറിച്ചും ജല അതോറ്റിറ്റിയെ കുറിച്ചും മാത്രമല്ല നാട്ടുകാർക്ക് പരാതി. രോഗം പടർന്നിട്ടും വേണ്ടത്ര മുന്നറിയിപ്പുകളോ ബോധവത്കരണ നടപടികളോ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഭയം വേണ്ടെന്നും കരുതലാണ് വേണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്റ്  പറയുന്നു. അവലോകന യോഗത്തിൽ കൂടുതൽ നടപടികൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Related Posts

Leave a Reply