Kerala News

എറണാകുളം ഇരുമ്പനത്തുണ്ടായ നടുക്കുന്ന കൊലപാതകം നിസാര തർക്കത്തിന്‍റെ പേരിലെന്ന് പൊലീസ്.

കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളം ഇരുമ്പനത്തുണ്ടായ നടുക്കുന്ന കൊലപാതകം നിസാര തർക്കത്തിന്‍റെ പേരിലെന്ന് പൊലീസ്.  തുതിയൂർ സ്വദേശിയായ ശശി (60)യാണ് തുണിക്കച്ചവടക്കാരന്‍റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കടയുടമായയ ഹരിദാസനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  കടയിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ ഹരിദാസ് വാക്കത്തി കൊണ്ട് ശശിയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ ഹരിദാസന്‍റെ തുണിക്കടയുടെ മുന്നിൽ ശശി ഇരുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വടക്കേ ഇരുമ്പനം എരൂർ റോഡിലുള്ള ഹരിദാസന്‍റെ കടയുടെ മുന്നിൽ കൊല്ലപ്പെട ശശി വന്നിരുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.  കടയുടെ മുന്നിൽ നിന്ന് എഴുന്നേറ്റ് പോകാൻ ഹരിദാസ് പലതവണ ആവശ്യപ്പെട്ടെങ്കിലും ശശി കൂട്ടാക്കിയില്ല. ഇതോടെ പ്രകോപിതനായ ഹരിദാസ് കടയിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ശശിയെ നിരവധി തവണ വെട്ടുകയായിരുന്നു. 

കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കടയോട് ചേർന്നുള്ള മുറിയില്‍ ഒറ്റക്കാണ് ഹരിദാസ് താമസിച്ചിരുന്നത്. വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി താലൂക്കാശുപത്രി മോർച്ചറിയിലിലേക്ക് മാറ്റി.  പിന്നാലെ ശശിയെ വെട്ടിക്കൊന്ന ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Posts

Leave a Reply