Kerala News

എറണാകുളം:കോതമംഗലം ടൗണില്‍ തെരുവുനായ് ആക്രണം

എറണാകുളം:കോതമംഗലം ടൗണില്‍ തെരുവുനായ് ആക്രണം. ടൗണിലെ വിവിധയിടങ്ങളിലായി എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഒരേ നായ് ആണ് എട്ടുപേരെയും ആക്രമിച്ചത്. ഇന്ന് രാവിലെയാണ് കോതമംഗലം ടൗണിനെ പരിഭ്രാന്തിയിലാഴ്ത്തികൊണ്ട് തെരുവുനായയുടെ പരാക്രമം ഉണ്ടായത്. കോതമംഗലം അമ്പലത്തറ ഭാഗത്ത് പള്ളിയില്‍ പോയി മടങ്ങി വരുകയായിരുന്ന സ്ത്രീയെയാണ് ആദ്യം നായ് കടിച്ചത്. നടന്നുപോകുന്നതിനിടെ പിന്നില്‍ നിന്ന് എത്തി തെരുവുനായ് കടിക്കുകയായിരുന്നു. ഇതിനുശേഷം ഇതേ നായ തന്നെ കോതമംഗലം ടൗണിലെത്തി പലരെയും കടിച്ചു.

എന്‍റെ നാട് സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് വെച്ചാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്. നടന്നുപോകുന്നതിനിടെ പിന്നില്‍ നിന്ന് വന്ന നായ് ചറപറാന്ന് കടിക്കുകയായിരുന്നുവെന്നും നാലഞ്ച്  തവണ കടിച്ചുവെന്നും പരിക്കേറ്റ സ്ത്രീ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് നായ് പിന്നില്‍ നിന്ന് വന്ന് കടിച്ചതെന്നും നായ് വരുന്ന കാര്യം അറിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. സ്കൂട്ടറില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു യുവതിയെയും പച്ചക്കറി വാങ്ങിയശേഷം കാറില്‍ കയറാൻ ശ്രമിക്കുന്നതിനിടെ മറ്റൊരാളെയും നായ് ആക്രമിച്ചു.

എട്ടുപേരും കോതമംഗലം താലക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പേവിഷ ബാധയ്ക്കെതിരായ വാക്സിന്‍റെ കുറവുള്ളതിനാല്‍ നാലുപേരെ മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യവുമുണ്ട്. അവിടെ എത്തിച്ചശേഷം ഇവര്‍ക്കും വാക്സിൻ നല്‍കും. ആക്രമകാരിയായ നായ് ടൗണിന്‍റെ ഒരു ഭാഗത്ത് അവശനിലയില്‍ കിടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ആദ്യമായാണ് കോതമംഗലം ടൗണില്‍ ഇത്രയധികം പേര്‍ക്കുനേരെ തെരുവുനായ് ആക്രമണം ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.

Related Posts

Leave a Reply