എയര്‍ഹോസ്റ്റസുമാരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയത് കൊടുവള്ളി സ്വദേശിക്ക് വേണ്ടിയെന്ന് അറസ്റ്റിലായ സുഹൈലിന്റെ മൊഴി. ഒരു കോടിയോളം രൂപ മൂല്യമുള്ള വിദേശ കറന്‍സിയും കടത്തിയ ബാബുവിന് വേണ്ടിയെന്ന് അറസ്റ്റിലായ സുഹൈല്‍ താനലോട് മൊഴി നല്‍കി. ഇയാള്‍ക്കായി ഡിആര്‍ഐ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെ സീനിയര്‍ ക്യാബിന്‍ ക്രൂ സുഹൈല്‍ സ്വര്‍ണ്ണത്തിന് പുറമേ 1 കോടി രൂപയോളം മൂല്യമുള്ള വിദേശ കറന്‍സിയും കടത്തിയിട്ടുണ്ടെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍.
നാട്ടിലെ വിമാനതാവളങ്ങളില്‍ എത്തിച്ചതില്‍ ഏറെയും ഒമാന്‍, ഖത്തര്‍ റിയാലുകളും അമേരിക്കന്‍ ഡോളറുമായിരുന്നു. ഇവര്‍ സ്വര്‍ണ്ണവും, വിദേശ കറന്‍സിയും കടത്തിയത് കൊടുവള്ളി സ്വദേശി ബാബുവിന് വേണ്ടിയാണെന്നും ഡിആര്‍ഐ വ്യക്തമാക്കുന്നു.വിദേശത്ത് നിന്നും നാട്ടില്‍ എത്തിക്കുന്ന കറന്‍സി കൈമാറിയിരുന്നത് കൊച്ചിയിലെ മാളില്‍ വച്ചാണെന്നും സുഹൈല്‍ മൊഴി നല്‍കി.
മാളില്‍ വച്ച് സ്വര്‍ണ്ണം കടത്തിയ എയര്‍ഹോസ്റ്റസിന് നല്‍കാന്‍ ബാബു ഐ ഫോണ്‍ കൈമാറിയിരുന്നു. ഈ ഐ ഫോണ്‍ ഡിആര്‍ഐ പിടിച്ചെടുത്തു. കള്ളക്കടത്തില്‍ കൂടുതല്‍ എയര്‍ ഹോസ്റ്റസുമാര്‍ക്ക് പങ്കുണ്ടെന്ന് മനസിലാക്കിയതോടെ ഇവരെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഡിആര്‍ഐ.