മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് മാസം മുമ്പ് തന്നെ പ്രതികള്‍ കൊലപാതകത്തിന്റെ ആസൂത്രണം ആരംഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പല തവണ ബാബ സിദ്ദിഖിയുടെ വീട്ടില്‍ പ്രതികള്‍ എത്തി. ആയുധങ്ങളൊന്നുമില്ലാതെയായിരുന്നു എത്തിയത്. പൂനെയിലാണ് കൊലപാതക ആസൂത്രണങ്ങള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു.
ആശയവിനിമയത്തിനായി പ്രതികള്‍ സ്‌നാപ്ചാറ്റും ഇന്‍സ്റ്റഗ്രാമുമാണ് ഉപയോഗിച്ചിരുന്നത്. സിദ്ദിഖിക്ക് നേരെ വെടിയുതിര്‍ത്ത പ്രതികള്‍, ഗുര്‍മെയില്‍ സിങും ധര്‍മരാജ് കശ്യപും യൂട്യൂബ് നോക്കിയാണ് ഷൂട്ടിങ് പഠിച്ചത്. ബാബ സിദ്ദിഖിയുടെ ചിത്രത്തില്‍ വെടിയുതിര്‍ത്തായിരുന്നു പരിശീലനമെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കോണ്‍ഗ്രസ് വിട്ട് അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന ബാബ സിദ്ദിഖിയെ മകന്റെ ഓഫീസിന് മുന്നില്‍ വെച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 12നായിരുന്നു സംഭവം. സംഭവത്തില്‍ നാല് പേരാണ് ഇതുവരെ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലുള്ളവരാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.