Kerala News

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എ വീണ്ടും അന്വേഷണ സംഘത്തിന് മുന്നിലെത്തി

പാലക്കാട്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എ വീണ്ടും അന്വേഷണ സംഘത്തിന് മുന്നിലെത്തി. മൊഴി നല്‍കാനാണ് എത്തിയത്. പാലക്കാട് ഷൊര്‍ണ്ണൂര്‍ പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ വെച്ചാണ് മൊഴിയെടുക്കല്‍.

തൃശ്ശൂര്‍ ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. പ്രതികരണം തേടിയെങ്കിലും അന്‍വര്‍ പ്രതികരിച്ചില്ല.

അതേസമയം എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ അന്‍വറിനെ തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പകരം പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു. ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ ഏതെങ്കിലും നിലയിലുള്ള പരാതിയുണ്ടെങ്കില്‍ പി വി അന്‍വര്‍ പാര്‍ട്ടിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തുകയാണ് വേണ്ടിയിരുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആദ്യദിനം വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അന്‍വറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിനവും മൂന്നാം ദിനവും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്നാം ദിനവും മാധ്യമങ്ങളെയാണ് അന്‍വര്‍ കണ്ടത്. അതിന് ശേഷമാണ് തന്നെ വന്നു കണ്ടത്. അഞ്ച് മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുള്ളൂ. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഫോണ്‍ ചോര്‍ത്താന്‍ പാടില്ലായിരുന്നു. അന്‍വറിന് ഇടതുപശ്ചാത്തലമില്ല. കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണ്. പരസ്യപ്രതികരണം തുടര്‍ന്നാല്‍ താനും മറുപടി നല്‍കേണ്ടി വരും എന്നും മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Posts

Leave a Reply