മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് അദ്ദേഹം ആരോപിച്ചു. പാറമേക്കാവിലാണ് കൂടിക്കാഴ്ച നടന്നതെന്നും പൂരം കലക്കിയത് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണെന്നും വി ഡി സതീശൻ ആരോപിച്ചു.
പൊലീസുകാരെ കൊണ്ട് പൂരം കലക്കിച്ചത് മുഖ്യമന്ത്രിയാണ്. തൃശൂരിൽ ബിജെപിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നീക്കം നടത്തിയെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് എഡിജിപിയെയും പൊളിറ്റിക്കൽ സെക്രട്ടറിയേയും തൊടാൻ പേടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിലെ ഹോട്ടലിൽ ഔദ്യോഗിക വാഹന ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് അജിത് കുമാർ ആർഎസ്എസ് നേതാവിനെ കാണാൻ പോയത്. ദേശീയ നേതാക്കളുമായി ബന്ധമുള്ള തിരുവനന്തപുരത്തെ ഒരു ആർഎസ്എസുകാരനാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിക്കൊടുത്തത്. ഇത് സംബന്ധിച്ച കൂടുതൽ തെളിവുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും അജിത് കുമാറും കൂടിക്കാഴ്ച നിഷേധിച്ചാൽ അപ്പോൾ പറയാം എന്നായിരുന്നു സതീശന്റെ മറുപടി.
ഇതിനിടെ പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ വീണ്ടും പ്രതികരണവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തി. അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞുതീര്‍ക്കാന്‍ ഇത് കുടുംബപ്രശ്‌നമല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎം കേന്ദ്രനേതൃത്വം എന്താണ് മിണ്ടാത്തതെന്നും ആരോപണങ്ങളില്‍ പ്രകാശ് കാരാട്ടോ വൃന്ദ കാരാട്ടോ എ വിജയരാഘവനോ മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട് സുനില്‍കുമാറിന്റേത് വെറും ആരോപണങ്ങളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞുവെന്നും പരിഹസിച്ചു. സുനില്‍കുമാര്‍ എന്തുകൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.