Kerala News

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതകൾ ഏറെ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതകൾ ഏറെയുണ്ട് ചുരുളഴിയാൻ. യാത്രയയപ്പ് പരിപാടിക്ക് ശേഷം ഔദ്യോഗിക വാഹനത്തിൽ നഗരത്തിലെ മുനീശ്വരൻ കോവിലിന് സമീപം എത്തിയ നവീൻ ബാബു പിന്നീട് എങ്ങോട്ട് പോയി എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റെയിൽവേ സ്റ്റേഷനിലേക്ക് പോയിയെന്ന സൂചനയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് നടത്തിയിട്ടില്ല.

റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആർ.പി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലും ഇത് സംബന്ധിച്ച പരാമർശമില്ല. ഒപ്പം ടി.വി പ്രശാന്തനെ വിജിലൻസ് ചോദ്യം ചെയ്തുവെന്ന പിപി ദിവ്യയുടെ വാദത്തിനും അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം പൊലീസ് റിപ്പോർട്ട് എതിരായതോടെ പിപി ദിവ്യക്കെതിരെ സംഘടന നടപടി ഉടൻ ഉണ്ടാകും. തരം താഴ്ത്തലുൾപ്പടെയുള്ള കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ ദിവ്യക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. ബുധനാഴ്ച്ച നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക.

Related Posts

Leave a Reply