കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ കുടുംബത്തിൻ്റെ ഹര്‍ജി പരിഗണിക്കവെ കളക്ടര്‍ക്കും പ്രശാന്തിനും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശം. ഡിസംബര്‍ പത്തിന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസില്‍ പ്രതികളല്ലാത്തവരുടെ മൊബൈല്‍ രേഖകള്‍ സ്വകാര്യതയായതിനാല്‍ രേഖകള്‍ പരിശോധിക്കാന്‍ കളക്ടറുടെയും പ്രശാന്തിൻ്റെയും വിശദീകരണം തേടിയാണ് കോടതിയുടെ നോട്ടീസ്.
കണ്ണൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നിര്‍ദേശം. തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കുടുംബത്തിന്റെ ഹര്‍ജിയിലെ ആവശ്യം. പിപി ദിവ്യ, ജില്ലാ കലക്ടര്‍, പ്രശാന്ത് എന്നിവരുടെ ഫോണ്‍ രേഖകള്‍ സംരക്ഷിക്കണമെന്നാണ് അപേക്ഷ. ദിവ്യയുടെയും കളക്ടറുടെയും സ്വകാര്യഫോണിൽ നിന്നുള്ള വിളികളുടെ രേഖകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.