എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും നവീനിന്റെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം താനും നില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. വളരെ ദാരുണമായ സംഭവമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, പിപി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ദിവ്യക്കെതിരായ നടപടിയില്‍ നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതോടെയാണ് പി പി ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കുന്ന സമീപനത്തില്‍ നിന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വം പിന്‍മാറിയത്.
കെ.നവീന്‍ ബാബുവിന് എതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ എഡിഎം മനപൂര്‍വം കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യയേയും കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെയും പൊലീസ് ഇന്ന് ചോദ്യംചെയ്യും.