ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ എക്സൈസ് കേസെടുത്ത നടപടിയിൽ യു പ്രതിഭയെയും മന്ത്രി സജി ചെറിയാനെയും തള്ളി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. എക്സൈസ് കേസെടുത്തത് അന്വേഷിച്ച ശേഷമാണെന്നും എക്സൈസിന് തെറ്റുപറ്റിയെന്ന് പാർട്ടിക്ക് അഭിപ്രായമില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. എക്സൈസിനെതിരെ പ്രതിഭ പറയുന്നത് അവരുടെ അഭിപ്രായമാണെന്നും ആർ നാസർ കൂട്ടിച്ചേർത്തു.
എംഎൽഎ മാത്രമല്ല യു പ്രതിഭ ഒരു അമ്മയുമാണ്. മകൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. അമ്മ എന്ന നിലയിൽ ഒരു സ്ത്രീയുടെ വികാരമാണ് അവർ പ്രകടിപ്പിച്ചത്. ഡെപ്യൂട്ടി കമ്മീഷണറെ പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലംമാറ്റി എന്നത് അടിസ്ഥാന രഹിതമാണെന്നും ആർ നാസർ വ്യക്തമാക്കി. നേരത്തെ എംഎൽഎ യു പ്രതിഭയും മന്ത്രി സജി ചെറിയാനും വിഷയത്തിൽ എക്സൈസിനെതിരെ രംഗത്ത് വന്നിരുന്നു.
കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റടുക്കും എന്നത് അജണ്ടയിൽ ഇല്ലെന്നും ആർ നാസർ പ്രതികരിച്ചു. ഇപ്പോഴത് എൻസിപിയുടെ സീറ്റാണ്. അത് പാർട്ടി ഏറ്റെടുക്കുന്നതിനെപ്പറ്റി ആലോചന ഉണ്ടായിട്ടില്ല. എൻസിപിയ്ക്ക് കുട്ടനാട്ടിൽ എത്രവോട്ട് ഉണ്ടെന്ന് ചോദിച്ച നാസർ അവിടെ ജയിപ്പിക്കുന്നത് സിപിഐഎം ആണെന്നും വ്യക്തമാക്കി. ഘടകകക്ഷിയെ ജയിപ്പിക്കേണ്ടത് പാർട്ടിയുടെ കടമയാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാണിച്ചു.