പാലക്കാട് എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ഷോജോ ജോണിനെ എക്‌സൈസ് ഓഫീസിൽ എത്തിച്ചതുമുതലുളള സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഷോജോയുടെ പോസ്റ്റ്‌മോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പന്ത്രണ്ട് കിലോയോളം ഹാഷിഷ് ഓയിൽ കൈവശം വച്ചതിനാണ് ബുധനാഴ്ച രാത്രിയിൽ ഇടുക്കി സ്വദേശി ഷോജോ ജോണിനെ പാലക്കാട്ടെ വാടക വീട്ടിൽ നിന്ന് എക്‌സൈസ് പിടികൂടിയത്.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു, മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് പുലർച്ചെ മൂന്നോടെ ഷോജോ ജോണിനെ എക്സൈസ് റെയ്ഞ്ച് ഓഫീസിലേക്ക് മാറ്റി. രാവിലെ ആറരയ്ക്ക് ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് ലോക്കപിനകത്ത് ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് ആത്മഹത്യ ചെയ്ത നിലയിൽ ഷോജോ ജോണിനെ കണ്ടെത്തിയത്. സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി അബ്ദുൾ സലാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.ഷോജോയെ എക്‌സൈസ് ഓഫീസിൽ എത്തിച്ചതുമുതലുളള സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. അസ്വഭാവികമായ ഒന്നും ഇതിൽ നിന്ന് കണ്ടെത്താനായിട്ടില്ല.ഇൻക്വസ്റ്റിൽ മുണ്ട് കഴുത്തിൽ മുറുകിയ പാട് അല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടുമില്ല. ലോക്കപ്പിലുളള പ്രതിയെ വേണ്ട രീതിയിൽ ശ്രദ്ധിക്കാതിരുന്ന രണ്ട് ഉദ്യോഗസ്ഥരെ കൃത്യവിലോപത്തിന് സസ്‌പെന്റ് ചെയ്തിരുന്നു.