Kerala News

എംഎൽഎ സ്ഥാനം രാജിവെക്കില്ല, നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കി മുഖം രക്ഷിക്കാനുള്ള നീക്കവുമായി സർക്കാർ. എന്നാൽ എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ല. മുകേഷ് എംഎൽൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം. ലൈം​ഗികാരോപണം നേരിടുന്ന മുകേഷിന്റെ എംഎൽഎ സ്ഥാനം നിലനിർത്തി ചേ‌‍ർത്തുപിടിക്കാനാണ് തീരുമാനം.

സിനിമാ മേഖലയിൽ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയിൽ അംഗമാക്കുന്നതിലൂടെ സർക്കാർ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പ്രതിഷേധം കൂടി ശക്തമായതോടെ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കാനുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്.

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ മഹിളാ കോൺ​ഗ്രസ് കൊല്ലത്ത് മുകേഷിന്റെ കോലം കത്തിച്ചിരുന്നു. എം വിൻസന്റ്, എൽദോസ് കുന്നപ്പിള്ളിൽ എന്നീ എംഎൽഎമാർ ആരോപണവിധേയരായ ഘട്ടത്തിൽ സ്ഥാനം രാജിവെച്ചില്ലല്ലോ എന്ന് മറുചോദ്യം പ്രതിപക്ഷത്തിന്റെ വായടയ്ക്കാൻ ഇടതുമുന്നണിയിൽ നിന്ന് ഉയരുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചർച്ചയായത്. കോടീശ്വരന്‍ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് ആരോപിക്കുന്നത്. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.

പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നു ടെസ്. തന്റെ ബോസ് ആണ് തന്നെ ഇതില്‍ നിന്ന് രക്ഷിച്ചതെന്നും ടെസ് പറഞ്ഞു. ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ പോസ്റ്റിന് താഴെയായി ചോദിച്ചപ്പോള്‍ മുകേഷിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്ത് ടെസ് അതേയെന്നുത്തരം നല്‍കിയിരുന്നു.

Related Posts

Leave a Reply