നീലഗിരി: അവധി ആഘോഷിക്കാനായി ഊട്ടിലെത്തിയ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന പണം പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ. അനുവദനീയമായതിലും കൂടിയ അളവിൽ പണം കൈവശം വച്ചതിനാലാണ് അധികൃതർ കുട്ടികളുമായി അവധി ആഘോഷിക്കാനെത്തിയ പഞ്ചാബ് സ്വദേശികളുടെ കയ്യിൽ നിന്ന് 69400 രൂപ പിടികൂടിയത്.
തമിഴ്നാട്ടിലെ നീലഗിരി ജില്ലിയിലെ ഊട്ടിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നത് മൂലം നടത്തിയ പരിശോധനയിലാണ് കുട്ടികളുമായി അവധി ആഘോഷിക്കാനെത്തിയ പഞ്ചാബ് സ്വദേശികൾ കുടുങ്ങിയത്. പണം തിരികെ നൽകണമെന്നും വേറെ പണം കയ്യിലില്ലെന്നും വിശദമാക്കി അധികൃതരോട് അപേക്ഷിക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. തെരഞ്ഞെടുപ്പ് ചട്ടത്തേക്കുറിച്ച് ധാരണയില്ലാതെ പോയതുകൊണ്ടും എടിഎം എപ്പോഴും പ്രവർത്തിക്കാതിരിക്കാനുള്ള സാധ്യത കണക്കിലെടുത്തുമായിരുന്നു ദമ്പതികൾ പണം കയ്യിൽ കരുതിയിരുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് ചട്ടം വിനോദ സഞ്ചാരികൾക്കും ബാധകമാണെന്ന് വിശദമാക്കി അധികൃതർ പണം പിടിച്ചെടുക്കുകയായിരുന്നു. തിങ്കളാഴ്ച രേഖകൾ ഹാജരാക്കിയതിന് പിന്നാലെ പണം അധികൃതർ ദമ്പതികൾക്ക് തിരികെ നൽകി. നീലഗിരി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് രേഖകൾ പരിശോധിച്ച ശേഷം പണം ദമ്പതികൾക്ക് തിരികെ നൽകിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് അനുസരിച്ച് ഒരാൾക്ക് 50000 രൂപയിലധികം പണം കയ്യിൽ കരുതാനോ 10000 രൂപയിലധികം വിലയുള്ള സമ്മാനങ്ങൾ കൊണ്ടു നടക്കാനോ തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് അനുവാദമില്ല. ഇത്തരത്തിൽ വലിയ രീതിയിൽ പണം കൈവശം കൊണ്ടുനടക്കുന്നത് വോട്ടർമാരെ സ്വാധീനിക്കാനെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.